ബ്രസീലുകാരനായിട്ടും പോർച്ചുഗലിനു വേണ്ടി കളിച്ചു, അഭിമാനം തുറന്ന് പറഞ്ഞ് പെപേ!
പോർച്ചുഗീസ് ഇതിഹാസമായ പെപേ കഴിഞ്ഞ ദിവസമാണ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.41ആമത്തെ വയസ്സിൽ ഫുട്ബോൾ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.17 വർഷക്കാലമാണ് പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചത്. എന്നാൽ ഇദ്ദേഹം ജനിച്ചത് പോർച്ചുഗലിൽ അല്ല.മറിച്ച് ബ്രസീലിലായിരുന്നു. അവിടുത്തെ ക്ലബ്ബായ കൊറിന്ത്യൻസ് അലഗോനോയിലൂടെയായിരുന്നു പെപേ വളർന്നിരുന്നത്. പിന്നീട് പോർച്ചുഗലിലേക്ക് അദ്ദേഹം ചേക്കേറുകയായിരുന്നു.
ബ്രസീലിനെ ഒഴിവാക്കി പോർച്ചുഗൽ ദേശീയ ടീമിനെയാണ് പെപേ തിരഞ്ഞെടുത്തത്. പിന്നീട് പോർച്ചുഗലിന്റെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. പോർച്ചുഗലിന് വേണ്ടി കളിക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനമുണ്ടെന്ന് പെപേ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു പോർച്ചുഗീസുകാരനായതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. ഞാൻ പോർച്ചുഗലിൽ അല്ല ജനിച്ചത് എന്നുള്ളത് എനിക്കറിയാം. പക്ഷേ ഞാൻ എന്നെ സ്വയം ഒരു പോർച്ചുഗീസുകാരനായി കൊണ്ടാണ് പരിഗണിക്കുന്നത്. കാരണം പോർച്ചുഗൽ എനിക്ക് നൽകിയതിനോട് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ട് ആരാധകർക്ക് തിരികെ നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.പോർച്ചുഗൽ ദേശീയ ടീമിനോടൊപ്പം രണ്ട് കിരീടങ്ങൾ നേടാൻ എനിക്ക് കഴിഞ്ഞു. അത് ഒരുപാട് അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ് ” ഇതാണ് പെപേ പറഞ്ഞിട്ടുള്ളത്.
കരിയറിൽ ആകെ 878 മത്സരങ്ങൾ കളിച്ച താരം 34 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 141 മത്സരങ്ങൾ കളിച്ച ഡിഫൻഡർ എട്ട് ഗോളുകളും നേടിയിട്ടുണ്ട്.റയൽ മാഡ്രിഡിന് വേണ്ടി 10 വർഷക്കാലം കളിച്ച താരമാണ് പെപേ. കഴിഞ്ഞ യൂറോ കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.