എൻഡ്രിക്ക് ഹസാർഡിനെ പോലെ:കോർട്ടുവ!
ബ്രസീലിയൻ യുവ സൂപ്പർ താരമായ എൻഡ്രിക്ക് റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. എന്നാൽ രണ്ടു മത്സരങ്ങളിലും മോശം പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.ഇതുവരെ പ്രത്യേകിച്ച് ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഇപ്പോൾ ഏൽക്കേണ്ടി വരുന്നുണ്ട്.
എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡ് ഗോൾകീപ്പറായ കോർട്ടുവ.ബെൽജിയൻ സൂപ്പർ താരമായ ഈഡൻ ഹസാർഡുമായാണ് കോർട്ടുവ എൻഡ്രിക്കിനെ താരതമ്യം ചെയ്തിട്ടുള്ളത്. ഉയരം കുറവാണെങ്കിലും ഹസാർഡിനെ പോലെ വളരെയധികം കരുത്തനായ താരമാണ് എൻഡ്രിക്ക് എന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എൻഡ്രിക്കിന് അധികം ഉയരമൊന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ കാലുകൾ വളരെ കരുത്തേറിയതാണ്.ഈഡൻ ഹസാർഡ് അങ്ങനെയായിരുന്നു.ഉയരമില്ലെങ്കിലും വളരെയധികം കരുത്തുറ്റ കാലുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നമ്മൾ തള്ളി വീഴ്ത്താൻ ശ്രമിച്ചാലും അവർ സ്വന്തം കാലിൽ നിൽക്കും.കൂടാതെ നല്ല കരുത്തേറിയ ഷോട്ടുകൾ എടുക്കാനും എൻഡ്രിക്കിന് സാധിക്കും. ഞാൻ ട്രെയിനിങ്ങിന് ഇടയിൽ അത് കണ്ടിരുന്നു “ഇതാണ് റയൽ മാഡ്രിഡ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ എൻഡ്രിക്ക് കളിച്ചിരുന്നില്ല.അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.ഇനി അടുത്തതായി റയൽ മാഡ്രിഡ് കളിക്കുക യുവേഫ സൂപ്പർ കപ്പ് ഫൈനലാണ്.അറ്റലാന്റയാണ് റയലിന്റെ എതിരാളികൾ. ആ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ എൻഡ്രിക്കിന് സാധിച്ചേക്കില്ല. ഒരുപക്ഷേ പകരക്കാരന്റെ റോളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം.