ഇത്തവണത്തെ ബാലൺഡി’ഓർ നൽകേണ്ടത് ആർക്ക്? തന്റെ നിലപാട് വ്യക്തമാക്കി ആഞ്ചലോട്ടി!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന പുരസ്കാരമാണ് ബാലൺഡി’ഓർ പുരസ്കാരം. നിലവിലെ ചാമ്പ്യൻ ലയണൽ മെസ്സിയാണ്.ഇത്തവണ ഒരുപാട് താരങ്ങൾക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം,റോഡ്രി എന്നിവരാണ് ഈ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. അതേസമയം ഡാനി കാർവഹൽ,ലൗറ്ററോ മാർട്ടിനസ് എന്നിവരുടെ പേരുകളും ഉയർന്ന കേൾക്കുന്നുണ്ട്.ഒക്ടോബർ 28ആം തീയതിയാണ് ഈ പുരസ്കാര ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക.
റയൽ മാഡ്രിഡ് താരങ്ങളാണ് ബാലൺഡി’ഓറിന് വേണ്ടി ഏറ്റവും കൂടുതൽ പോരടിക്കുന്നത്. എന്നാൽ അവരുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഒരു താരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.അത് മറ്റാരുമല്ല,വിനീഷ്യസ് ജൂനിയർ തന്നെയാണ്. ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത് വിനീഷ്യസാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ അഭിപ്രായത്തിൽ വിനീഷ്യസാണ് ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത്.കാരണം വളരെയധികം പ്രതിഭാധനനായ താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.കാർവ്വഹലും മികച്ച പ്രകടനം നടത്തി എന്നുള്ളത് ശരി തന്നെയാണ്.ഒരുപാട് കിരീടങ്ങൾ അദ്ദേഹം നേടി.ജൂഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ മികച്ചതാണ്.ലീഗിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി. പക്ഷേ ചാമ്പ്യൻസ് ലീഗിൽ മികച്ച രൂപത്തിൽ കളിച്ചത് വിനിയാണ്. ചാമ്പ്യൻസ് ലീഗും ലാലിഗയും നേടി എന്നുള്ളത് മാത്രമല്ല ചാമ്പ്യൻസ് ലീഗ് സെമിയിലും ഫൈനലിലും ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിനാണ് എന്റെ അഭിപ്രായത്തിൽ ഇത്തവണ മുൻതൂക്കം “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇത്തവണത്തെ ബാലൺഡി’ഓർ ആര് സ്വന്തമാക്കും എന്നുള്ളത് പ്രവചിക്കാനാവാത്ത ഒരു കാര്യമാണ്. കടുത്ത പോരാട്ടം നടക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.റോഡ്രിക്ക് ഇപ്പോൾ വലിയ സാധ്യതകൾ കല്പിക്കപ്പെടുന്നുണ്ട്.യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചതാണ് റോഡ്രിക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കിയത്.