എൻസോയുടെ റേസിസ്റ്റ് ചാന്റ്,ചെൽസി താരങ്ങൾ കട്ടകലിപ്പിൽ!
കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന കിരീടം ചൂടിയത്.എന്നാൽ അവരുടെ സെലിബ്രേഷൻ ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്. അതായത് എൻസോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ ഈ സെലിബ്രേഷനിടെ റേസിസ്റ്റ് ചാന്റ് മുഴക്കുകയായിരുന്നു. ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങളെ അപമാനിക്കുന്ന രൂപത്തിലുള്ള പാട്ടായിരുന്നു എൻസോ പാടിയിരുന്നത്.
ഇതിന്റെ വീഡിയോ എൻസോയുടെ ഇൻസ്റ്റഗ്രാമിൽ തന്നെ ഉണ്ടായിരുന്നു. ഇത് വലിയ വിവാദമായതോടുകൂടി എൻസോ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം സഹതാരങ്ങൾ വരെ അദ്ദേഹത്തിന് എതിരെ തിരിയുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. താരത്തിന്റെ ഈ പെരുമാറ്റത്തിനെതിരെ ചെൽസി താരമായ ഫൊഫാന വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
മാത്രമല്ല ഫൊഫാനയും ഡിസാസിയും ഗുസ്റ്റോയുമൊക്കെ അദ്ദേഹത്തെ അൺഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർതാരമായ കൂണ്ടെ എൻസോയെ പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്. കോമാളി എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ എൻസോയെ വിളിച്ചിട്ടുള്ളത്. കൂടാതെ ചെൽസി താരങ്ങൾ എല്ലാവരും എൻസോയുടെ കാര്യത്തിൽ കടുത്ത ദേഷ്യത്തിലാണ് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
താരത്തിനെതിരെ ചെൽസി നടപടി എടുക്കണം എന്നാണ് പലരും ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ ചെൽസി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.എൻസോയെ കൂടാതെ വേറെയും ചില അർജന്റീന താരങ്ങൾ ഇതിന്റെ ഭാഗമായിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.ഇനി പ്രീ സീസണിന് വേണ്ടി എൻസോ ചെൽസിക്കൊപ്പമാണ് ചേരുക.അതിനു മുന്നേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.