സാന്റിയാഗോ ബെർണാബുവിൽ മെസ്സിയുടെ ജേഴ്‌സി ഉയർത്തി ലാ കോബ്ര!
കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് ഒരു ബോക്സിങ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. മത്സരത്തിൽ അർജന്റൈൻ ബോക്സറായ ലാ കോബ്രയാണ് വിജയിച്ചത്. മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി കാണികളായിരുന്നു സാന്റിയാഗോ ബെർണാബുവിൽ തടിച്ച് കൂടിയിരുന്നത്. വിജയിച്ചതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ലയണൽ മെസ്സി മുൻപ് സാന്റിയാഗോ ബെർണാബുവിൽ നടത്തിയ ജേഴ്സി സെലിബ്രേഷൻ അദ്ദേഹം അനുകരിക്കുകയായിരുന്നു. മെസ്സിയുടെ ബാഴ്സലോണ ജേഴ്സി ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലാ കോബ്ര തന്റെ വിജയം ആഘോഷിച്ചത്.സാന്റിയാഗോ ബെർണാബുവിൽ ഒരിക്കൽ കൂടി മെസ്സിയുടെ ജേഴ്‌സി സെലിബ്രേഷൻ നടത്തപ്പെട്ടതിനാണ് എല്ലാവരും സാക്ഷിയായത്.
ലയണൽ മെസ്സിയുടെ അർജന്റീന ജേഴ്സി ധരിച്ചു കൊണ്ടായിരുന്നു ലാ കോബ്ര മത്സരത്തിന് വന്നിരുന്നത്. മെസ്സിയാണ് തന്റെ റോൾ മോഡൽ എന്ന് കോബ്ര പറയുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു.എന്റെ റോൾ മോഡൽ ആയ ലയണൽ മെസ്സി ചെയ്തത് എന്താണോ അത് തന്നെയാണ് ഞാനും ചെയ്തത്. മെസ്സി ആയിരം തവണ ചെയ്തുതീർത്ത കാര്യമാണത് ” ഇതാണ് ലാ കോബ്ര പറഞ്ഞിട്ടുള്ളത്.
സാന്റിയാഗോ ബെർണാബുവിൽ നടന്ന ഒരു എൽ ക്ലാസിക്കോ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചിരുന്നു. അന്ന് മത്സരത്തിന്റെ അവസാനത്തിൽ ലയണൽ മെസ്സിയാണ് ബാഴ്സക്ക് വേണ്ടി വിജയ ഗോൾ നേടിയത്.ആ ഗോളിന് ശേഷമായിരുന്നു മെസ്സി തന്റെ ജേഴ്സി ഉയർത്തിപ്പിടിച്ചുകൊണ്ട് സെലിബ്രേറ്റ് ചെയ്തത്. ഇത് പിന്നീട് ഫുട്ബോൾ ലോകത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.