സ്കലോണിയെ കോൺമബോൾ ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തലുമായി ബിയൽസ
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുക. തിങ്കളാഴ്ച പുലർച്ചെ 5:30നാണ് ഈ ഫൈനൽ മത്സരം നടക്കുക. അർജന്റീന സംബന്ധിച്ചിടത്തോളം ഫൈനലിലേക്കുള്ള വഴി എളുപ്പമായിരുന്നു. അതേസമയം ഉറുഗ്വയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊളംബിയ ഫൈനലിൽ പ്രവേശിച്ചത്.
അമേരിക്കയിലെ ഗ്രൗണ്ടിന്റെ മോശം അവസ്ഥക്കെതിരെ അർജന്റൈൻ പരിശീലകനും താരങ്ങളും നേരത്തെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോൺമെബോൾ തങ്ങളെ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഉറുഗ്വയുടെ അർജന്റൈൻ പരിശീലകനായ മാഴ്സലോ ബിയൽസ.സ്‌കലോണിയെ കോൺമെബോൾ ഭീഷണിപ്പെടുത്തി എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ബിയൽസയുടെ വാക്കുകൾ ഇങ്ങനെയാണ്.
“കോൺമെബോൾ സ്‌കലോണിയോട് പറഞ്ഞു, നീ ഒരുതവണ സ്റ്റേഡിയത്തിന്റെ കണ്ടീഷനുകളെ കുറിച്ച് സംസാരിച്ചു.ഇനി സംസാരിക്കരുത്.കൂടാതെ താരങ്ങളോടും ഇത് പറഞ്ഞു.ഇനി സംസാരിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരും എന്ന് അവർ ഭീഷണിപ്പെടുത്തി. എല്ലാവരെയും അവർ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത് “ഇതാണ് ബിയൽസ പറഞ്ഞിട്ടുള്ളത്.
നേരത്തെ ടീമിനെ ഇറക്കാൻ വൈകിയത് കൊണ്ട് സസ്പെൻഷൻ ലഭിച്ചിട്ടുള്ള പരിശീലകനാണ് സ്‌കലോണി. ഗ്രൗണ്ടിന്റെ മോശം അവസ്ഥക്കെതിരെ മെസ്സി ഉൾപ്പെടെയുള്ളവർ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.