അന്ന് എമിയുടെ പ്രകോപനത്തിൽ വീണു പോയത് മൂന്നുപേർ, പ്രതികാരം തീർക്കുമോ കൊളംബിയ?
വരുന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ പ്രതികാര ദാഹത്തോടെ കൂടിയായിരിക്കും കൊളംബിയ ഈ മത്സരത്തിന് വരിക. കാരണം കഴിഞ്ഞ കോപ്പ അമേരിക്ക സെമിഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയ പരാജയപ്പെട്ടത് അർജന്റീനയോടാണ്. അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിനോടാണ് അവർ പരാജയപ്പെട്ടത് എന്ന് പറയുന്നതാവും ശരി. കാരണം അദ്ദേഹത്തിന്റെ പ്രകോപനത്തിൽ വീണുപോയത് 3 താരങ്ങളാണ്.മൂന്നു താരങ്ങളുടെ പെനാൽറ്റി എമി തന്റെ കുബുദ്ധിയിലൂടെ തടയുകയായിരുന്നു.
ആദ്യം പെനാൽറ്റി എടുക്കാൻ വന്ന ഡേവിൻസൺ സാഞ്ചസിനോട് എമി പറഞ്ഞത് ഇങ്ങനെയാണ്. “എന്നോട് ക്ഷമിക്കണം.ഞാൻ നിന്നെ ഭക്ഷിക്കാൻ പോവുകയാണ്. നിന്നെ ഞാനിപ്പോൾ തീർക്കും ” ഇതായിരുന്നു എമി പറഞ്ഞിരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ഷോട്ട് എമി തടയുകയായിരുന്നു.
പിന്നീട് മറ്റൊരു കൊളംബിയൻ താരമായ യെറി മിന പെനാൽറ്റി എടുക്കാൻ വന്ന സമയത്ത് എമി പറഞ്ഞത് ഇങ്ങനെയാണ്. “നീ വല്ലാതെ പേടിച്ചിട്ടുണ്ട്.ഒരു വിഡ്ഢിയെ പോലെയാണ് നീ ഇപ്പോൾ പെരുമാറുന്നത്.നീ ഇപ്പോൾ ചിരിക്കുന്നത് പോലും വല്ലാതെ പേടിച്ചിട്ടാണ്. ഞാൻ നിന്നെയും തീർക്കാൻ പോവുകയാണ് ” ഇതായിരുന്നു അർജന്റീന ഗോൾ കീപ്പർ പറഞ്ഞിരുന്നത്. തുടർന്ന് മിനയുടെ പെനാൽറ്റിയും അദ്ദേഹം തടഞ്ഞു.
അതിനുശേഷം വന്നത് മിഗേൽ ബോർഹയാണ്. അദ്ദേഹത്തോട് എമി പറഞ്ഞത് ഇങ്ങനെയാണ്. “നീയും നന്നായി പേടിച്ചിട്ടുണ്ട്. എന്റെ മുഖത്തേക്ക് നോക്ക്. നീ നല്ല രീതിയിൽ പേടിച്ചിട്ടുണ്ട് ” ഇതായിരുന്നു എമി പറഞ്ഞത്. പക്ഷേ അദ്ദേഹം അത് ഗോളാക്കി മാറ്റുകയായിരുന്നു.
അടുത്തതായി വന്ന കാർഡോണയോട് എമി ഒന്നും പറഞ്ഞിരുന്നില്ല.പക്ഷേ പ്രകോപനപരമായ പ്രവർത്തികൾ ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പെനാൽറ്റിയും തടഞ്ഞിട്ടുകൊണ്ട് അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ എമിക്ക് സാധിച്ചു. പിന്നീട് ഈ പ്രകോപനം എമി വേൾഡ് കപ്പ് ഫൈനലിലും നടത്തിയിരുന്നു. തുടർന്ന് ഫിഫ നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്തു. പക്ഷേ ഇപ്പോഴും പെനാൽറ്റി ഷൂട്ടൗട്ടിൽ എതിരാളികൾക്ക് ഈ അർജന്റൈൻ താരത്തിന് മുന്നിൽ പിഴക്കുകയാണ്.