ഇവർ നിരാശപ്പെടുത്തുക എന്നത് അസാധ്യം: താരങ്ങളെ പ്രശംസിച്ച് സ്‌കലോണി!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്.ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.ഡി പോൾ,എൻസോ എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്. ഇതോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്തുന്നതിന്റെ തൊട്ടരികിൽ അർജന്റീന എത്തിക്കഴിഞ്ഞു.
പരിശീലകനായ ലയണൽ സ്‌കലോണിക്ക് കീഴിൽ തുടർച്ചയായ മൂന്നാമത്തെ ഫൈനലാണ് അർജന്റീന കളിക്കാൻ പോകുന്നത്. ഇക്കാര്യത്തിൽ താൻ വളരെയധികം അഭിമാനിക്കുന്നുണ്ട് എന്നുള്ളത് പരിശീലകനായ സ്‌കലോണി തന്നെ പറഞ്ഞിട്ടുണ്ട്.ഈ താരങ്ങൾ നിരാശപ്പെടുത്തുക എന്നത് അസാധ്യമായ ഒരു കാര്യമാണെന്നും സ്‌കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരുപാട് അഭിമാനം തോന്നുന്ന കാര്യമാണ് ഇത്.എനിക്ക് എല്ലാ താരങ്ങളോടും കൃതാർത്ഥതയുണ്ട്.നമ്മൾ ഒരുപാട് വിജയങ്ങളും പ്രശംസകളും നേടിയിരിക്കുന്നു.വീണ്ടും ഒരിക്കൽ കൂടി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു. ഇതിന്റെ നിലവാരം വളരെയധികം ഉയരത്തിലാണ്. എല്ലാവരും കരുതുന്നത് ഫൈനലിൽ എത്തുക എന്നത് എളുപ്പമുള്ള കാര്യമാണ് എന്നാണ്.പക്ഷേ അങ്ങനെയല്ല. തങ്ങൾ വളരെയധികം കടുത്ത എതിരാളികളാണെന്ന് കാനഡ ഇന്ന് തെളിയിച്ചു കഴിഞ്ഞു. ഞങ്ങൾക്ക് ഇനി കുറച്ചു ദിവസം വിശ്രമമാണ്. വരുന്ന ഞായറാഴ്ച ഒരു മികച്ച മത്സരം ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. എല്ലാ മത്സരങ്ങളിലും മികച്ച രീതിയിലാണ് ടീം കളിച്ചിട്ടുള്ളത്.ഈ താരങ്ങൾ നിരാശപ്പെടുത്തുക എന്നത് അസാധ്യമായ കാര്യമാണ് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കൊളംബിയയും ഉറുഗ്വയും തമ്മിലാണ് നാളെ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. അതിലെ വിജയികളെയാണ് അർജന്റീനക്ക് കലാശ പോരാട്ടത്തിൽ നേരിടേണ്ടി വരിക. വരുന്ന തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു ഫൈനൽ മത്സരം നടക്കുക.