എമിക്ക് പെനാൽറ്റി നൽകണമെന്ന്ആവശ്യം, ദേഷ്യപ്പെട്ട് സ്കലോണി
കോപ്പ അമേരിക്കയിലെ സെമി ഫൈനൽ പോരാട്ടത്തിന് വേണ്ടി അർജന്റീന നാളെ ഇറങ്ങുകയാണ്.എതിരാളികൾ കാനഡയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ച അർജന്റീന ഇത്തവണയും അനായാസം മുന്നേറും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഗോൾകീപ്പർ എലിയാനോ മാർട്ടിനസിന്റെ മികവാണ് അർജന്റീനയെ രക്ഷിച്ചത്.രണ്ട് പെനാൽറ്റി സേവുകൾ അദ്ദേഹം നടത്തുകയായിരുന്നു. ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ ഒരു മാധ്യമപ്രവർത്തകൻ എമിയുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചിരുന്നു.എമിക്ക് ഗോളടിക്കാൻ വേണ്ടി ഒരു പെനാൽറ്റി നൽകണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ടല്ലോ, അങ്ങനെ ചെയ്യുമോ എന്നായിരുന്നു ചോദ്യം. വളരെ ദേഷ്യപ്പെട്ടുകൊണ്ടാണ് ഇതിന് അദ്ദേഹം മറുപടി നൽകിയത്.സ്കലോണിക്ക് ആ ചോദ്യം ഇഷ്ടമായിട്ടില്ല എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.അർജന്റൈൻ പരിശീലകൻ നൽകിയ മറുപടി ഇങ്ങനെയാണ്.
“ഈ ചോദ്യം കേട്ട് എനിക്ക് ചിരിക്കാനൊന്നും തോന്നുന്നില്ല.എമി ഗോൾ പോസ്റ്റിൽ തന്നെ നിൽക്കട്ടെ. അദ്ദേഹം അവിടെ നല്ല രൂപത്തിൽ ഡിഫൻഡ് ചെയ്യട്ടെ.അതാണ് അദ്ദേഹത്തിന്റെ ജോലി.ആളുകൾ പലതും പറയും. പക്ഷേ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത് ഗോൾ പോസ്റ്റിൽ തന്നെ നിന്നുകൊണ്ട് നല്ല രൂപത്തിൽ ഡിഫൻഡ് ചെയ്യാനാണ് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എമിയുടെ സാന്നിധ്യം അർജന്റീനക്ക് നൽകുന്ന മുൻതൂക്കം ചെറുതല്ല. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയാൽ എമിലിയാനോ മാർട്ടിനസ് തന്നെയാണ് അർജന്റീനയുടെ വജ്രയുധം. എന്നാൽ നാളത്തെ മത്സരത്തിൽ അദ്ദേഹത്തെ ആശ്രയിക്കാതെ അതിനു മുന്നേ തന്നെ വിജയിക്കാൻ കഴിയും എന്ന ഒരു ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.