കഴിഞ്ഞ മത്സരം പോലെയായിരിക്കില്ല: മെസ്സിക്കും അർജന്റീനക്കും മുന്നറിയിപ്പുമായി കാനഡ പരിശീലകൻ!
ഈ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന കാനഡയെ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. അന്ന് മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ഗോൾ നേടാനുള്ള സുവർണ്ണാവസരങ്ങൾ പാഴാക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയത് 5 ഗോളുകൾക്കെങ്കിലും അർജന്റീന വിജയിക്കേണ്ട ഒരു മത്സരമായിരുന്നു അത്.അതേ കാനഡയെ തന്നെയാണ് അർജന്റീന സെമിഫൈനൽ പോരാട്ടത്തിൽ നേരിടാൻ പോകുന്നത്.
വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് നമുക്ക് ഈ ഒരു മത്സരം കാണാൻ സാധിക്കുക. ഈ മത്സരത്തിനു മുന്നോടിയായി അർജന്റീനക്ക് ചില മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ് കാനഡയുടെ പരിശീലകനായ ജെസേ മാർഷ്. അതായത് ആദ്യത്തെ മത്സരം പോലെയായിരിക്കില്ല എന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കാനഡ കൂടുതൽ അഗ്രസീവാകുമെന്നും മെസ്സിയെ കൂടുതലായിട്ട് കൺട്രോൾ ചെയ്യുമെന്നും മാർഷ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വരുന്ന അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ കേവലം ഡിഫൻഡ് മാത്രമല്ല ചെയ്യുക. ഞങ്ങളുടേതായ രീതിയിൽ ഞങ്ങൾ കളിക്കും. ഞങ്ങൾക്ക് ഇത് മെയിന്റയിൻ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിക്കും.ഞങ്ങൾ കൂടുതൽ അഗ്രസീവാകും. ആദ്യ മത്സരത്തിൽ ലയണൽ മെസ്സിക്ക് ഞങ്ങൾ കൂടുതൽ ഫ്രീഡം അനുവദിച്ചു. എന്നാൽ ഇത്തവണ അങ്ങനെയാവരുത്.അദ്ദേഹത്തെ നല്ല രൂപത്തിൽ കൺട്രോൾ ചെയ്യണം.അത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. തീർച്ചയായും ഞങ്ങൾ വിജയിക്കാൻ തന്നെയാണ് ശ്രമിക്കുക ” ഇതാണ് കാനഡയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന സെമിയിൽ പ്രവേശിച്ചത്. അതേസമയം വെനിസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് കാനഡ ഇപ്പോൾ കടന്നുവരുന്നത്. മറ്റൊരു സെമിഫൈനൽ പോരാട്ടത്തിൽ കൊളംബിയയും ഉറുഗ്വയും തമ്മിലാണ് ഏറ്റുമുട്ടുക.