ഫിഫ വേൾഡ് കപ്പ് ഫൈനൽ സാന്റിയാഗോ ബെർണാബുവിൽ!
കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ചത് ഏഷ്യൻ രാജ്യമായ ഖത്തറായിരുന്നു. ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീനയാണ് കിരീടം സ്വന്തമാക്കിയത്. ഇനി 2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് മൂന്ന് രാജ്യങ്ങൾ ചേർന്നു കൊണ്ടാണ്.അമേരിക്ക,മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ വെച്ചുകൊണ്ടാണ് വേൾഡ് കപ്പ് നടക്കുക.
പിന്നീട് 2030 ലാണ് വേൾഡ് കപ്പ് അരങ്ങേറുക. ആ വർഷം ആറ് രാജ്യങ്ങളിൽ വച്ചു കൊണ്ടാണ് വേൾഡ് കപ്പ് നടക്കുക. ഉറുഗ്വ,അർജന്റീന,പരാഗ്വ എന്നിവിടങ്ങളിൽ വെച്ചുകൊണ്ട് കുറച്ച് മത്സരങ്ങൾ നടക്കും.സ്പെയിൻ,മൊറൊക്കോ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ വച്ചുകൊണ്ടാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക.ഫിഫ വേൾഡ് കപ്പിന്റെ നൂറാം വാർഷികത്തിനോട് അനുബന്ധിച്ചു കൊണ്ടാണ് 6 രാജ്യങ്ങളിലായിക്കൊണ്ട് ഈ വേൾഡ് കപ്പ് നടത്താൻ തീരുമാനിക്കപ്പെട്ടത്. എന്നാൽ നിർണായക മത്സരങ്ങൾ സ്പെയിനിലും മൊറൊക്കോയിലുമായി കൊണ്ടാണ് അരങ്ങേറുക.
ഇപ്പോഴിതാ കലാശ പോരാട്ടത്തിനുള്ള വേദിയും നിർണയിക്കപ്പെട്ടിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് 2030ലെ ഫിഫ വേൾഡ് കപ്പ് ഫൈനൽ നടക്കുക. ഇക്കാര്യം സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.85000 ത്തോളം ആരാധകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സ്റ്റേഡിയമാണ് ഇത്. വേൾഡ് കപ്പ് ഫൈനലിന് വേദിയാകണമെങ്കിൽ നിർബന്ധമായും 80000 നു മുകളിൽ സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കണം.
അതുകൊണ്ടുതന്നെയാണ് സാന്റിയാഗോ ബെർണാബുവിന് ഇപ്പോൾ നറുക്ക് വീണിട്ടുള്ളത്.ഈയിടെ റയൽ മാഡ്രിഡ് തങ്ങളുടെ മൈതാനം പുതുക്കി പണിയുകയും ചെയ്തിരുന്നു.റൂഫ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നുകൂടിയാണ് സാന്റിയാഗോ ബെർണാബു.