കൊളംബിയൻ ജേഴ്സിയിൽ വേറെ ലെവൽ: ജെയിംസിനെ കുറിച്ച് ബ്രസീൽ കോച്ച്
കോപ്പ അമേരിക്കയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കൊളംബിയയാണ്.കൃത്യമായി പറഞ്ഞാൽ നാളെ രാവിലെ ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കണമെങ്കിൽ ബ്രസീലിന് ഈ മത്സരത്തിൽ വിജയം നിർബന്ധമാണ്. അതേസമയം വലിയ ഒരു അപരാജിത കുതിപ്പ് നടത്തി തകർപ്പൻ ഫോമിലാണ് കൊളംബിയ വരുന്നത്.
കൊളംബിയക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് അവരുടെ സൂപ്പർതാരമായ ജയിംസ് റോഡ്രിഗസ് നടത്തുന്നത്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയുടെ താരമാണ് ജെയിംസ്. അദ്ദേഹത്തെ സാവോ പോളോയിൽ വെച്ച് പരിശീലിപ്പിച്ച ഡൊറിവാൽ ജൂനിയറാണ് ഇന്ന് ബ്രസീലിന്റെ പരിശീലകൻ. ജെയിംസിനെ കുറിച്ച് ചില കാര്യങ്ങൾ ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“സാവോ പോളോ പ്രധാനപ്പെട്ട കോമ്പറ്റീഷനുകളിൽ സെമിയും ഫൈനലും കളിക്കുന്ന സമയത്താണ് ജെയിംസ് അവിടേക്ക് വരുന്നത്. അത്ര നല്ല രീതിയിൽ അവിടെ ഇഴകി ചേരാൻ അപ്പോൾ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം ഒരു ടോപ്പ് ലെവൽ താരമാണ്.കൊളംബിയൻ ദേശീയ ടീമിന്റെ ജഴ്സിയിൽ എപ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം നടത്താറുള്ളത്. ചില താരങ്ങൾ ക്ലബ്ബിൽ മികച്ച പ്രകടനം നടത്തുകയും ദേശീയ ടീമിൽ തിളങ്ങാതിരിക്കുകയും ചെയ്യും. ചില താരങ്ങൾ ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തുകയും ക്ലബ്ബിൽ തിളങ്ങാതിരിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരു താരമാണ് ജെയിംസ് റോഡ്രിഗസ് എന്നത് സത്യമാണ്.അദ്ദേഹത്തെ ബഹുമാനിക്കുന്ന ഒരു ടീമിനകത്താണ് അദ്ദേഹം ഉള്ളത്. അത് ദേശീയ ടീമിൽ അദ്ദേഹത്തെ കൂടുതൽ പ്രധാനപ്പെട്ടവനാക്കുന്നു “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞവരാണ് കൊളംബിയ. ബ്രസീൽ ആദ്യം മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷമാണ് പരാഗ്വക്കെതിരെ മികച്ച വിജയം നേടിയത്.നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിന് വലിയ വെല്ലുവിളി ഉയർത്താൻ ജെയിംസിന് കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല