വിലക്ക് ലഭിച്ചപ്പോൾ സ്കലോണി പ്രതികരിച്ചത് എങ്ങനെ? വ്യക്തമാക്കി വാൾട്ടർ സാമുവൽ!
കഴിഞ്ഞ കോപ്പ അമേരിക്ക മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.ലൗറ്ററോ മാർട്ടിനസ് നേടിയ ഏക ഗോളായിരുന്നു അർജന്റീനക്ക് വിജയം സമ്മാനിച്ചത്. എന്നാൽ ആ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീന ടീം കളിക്കളത്തിലേക്ക് ഇറങ്ങാൻ ഒരല്പം വൈകിയിരുന്നു. ഇക്കാര്യത്തിൽ കോൺമെബോൾ ശിക്ഷ നടപടി കൈക്കൊള്ളുകയും ചെയ്തു. പരിശീലകനായ സ്കലോണിക്ക് ഒരു മത്സരത്തിൽ വിലക്കും പിഴയും ചുമത്തുകയായിരുന്നു.
നാളെ പെറുവിനെതിരെ നടക്കുന്ന മത്സരത്തിൽ അർജന്റീന ടീമിനോടൊപ്പം സ്കലോണി ഉണ്ടാവില്ല. മറിച്ച് പാബ്ലോ ഐമറായിരിക്കും പരിശീലകനായി കൊണ്ട് ഉണ്ടാവുക. ഈ വിലക്ക് ലഭിച്ചത് സ്കലോണിയെ ദുഃഖിതനാക്കി എന്നുള്ള കാര്യം വാൾട്ടർ സാമുവൽ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പ്രസ് കോൺഫറൻസിൽ കോച്ചിംഗ് സ്റ്റാഫായ വാൾട്ടർ സാമുവലായിരുന്നു പങ്കെടുത്തിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” വിലക്ക് ലഭിച്ചതിൽ അദ്ദേഹം ഒരല്പം ദുഃഖിതനായിരുന്നു. കാരണം ഒരു മികച്ച കോച്ചിംഗ് സ്റ്റാഫ് ആയി കൊണ്ടാണ് ഞങ്ങൾ ഞങ്ങളെ തന്നെ പരിഗണിച്ചു പോകുന്നത്.ഇത്രയും വർഷങ്ങൾ ആയിട്ടും ഇത്തരത്തിലുള്ള ഒരു നടപടിയും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ല.വരുന്ന മത്സരത്തിൽ ടീമിനോടൊപ്പം ഉണ്ടായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.അതുകൊണ്ടുതന്നെ ഈ വിലക്ക് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരല്പം കൈപ്പേറിയ അനുഭവമാണ് “ഇതാണ് വാൾട്ടർ സാമുവൽ പറഞ്ഞിട്ടുള്ളത്.
നേരത്തെ തന്നെ അർജന്റീന ക്വാർട്ടർ യോഗ്യത സ്വന്തമാക്കിയതിനാൽ ഈ മത്സരം അർജന്റീനയെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തി ഇല്ലാത്തതാണ്. അതുകൊണ്ടുതന്നെ നിരവധി മാറ്റങ്ങളുമായാണ് അർജന്റീന വരുന്നത്. എന്നിരുന്നാലും പെറുവിനെതിരെ മികച്ച വിജയം നേടാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുന്നത്.