ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ ആര്?
കോപ്പ അമേരിക്കയിലെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ നിലവിലെ ജേതാക്കളായ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.രണ്ട് മത്സരങ്ങളിലും അർജന്റീന വിജയിക്കുകയായിരുന്നു.ആദ്യമത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടക്കുകയും ചെയ്തു. ഇനി അവസാനത്തെ മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.
വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് അർജന്റീനയും പെറുവും തമ്മിൽ ഏറ്റുമുട്ടുക.ക്വാർട്ടർ യോഗ്യത നേടിയതിനാൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്ന് അർജന്റീനയുടെ പരിശീലകനായ സ്‌കലോണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അർജന്റീനക്ക് ഇപ്പോഴും ഒന്നാം സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.ഒന്നാം സ്ഥാനം നഷ്ടപ്പെടാനുള്ള നേരിയ സാധ്യത അവിടെ അവശേഷിക്കുന്നുണ്ട്.
അതായത് വരുന്ന മത്സരത്തിൽ അർജന്റീന പെറുവിനോട് പരാജയപ്പെടുകയും അതേസമയം കാനഡ ചിലിയെ വലിയ മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ അർജന്റീനക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടേക്കാം.പക്ഷേ അതിനുള്ള സാധ്യത വളരെ കുറവാണ്.അർജന്റീന ഗ്രൂപ്പിൽ ഒന്നാമതായി കൊണ്ട് തന്നെ ഫിനിഷ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അങ്ങനെ അർജന്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാൽ ക്വാർട്ടർ ഫൈനലിൽ ആരായിരിക്കും എതിരാളികൾ? അതാണ് അർജന്റീന ആരാധകർക്ക് അറിയേണ്ടത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായാണ് അർജന്റീന ഏറ്റുമുട്ടുക. നിലവിൽ അത് ഇക്വഡോറാണ്. എന്നാൽ അവസാനം മത്സരത്തിനുശേഷം അത് മാറിമറിയാനുള്ള സാധ്യതകൾ ഉണ്ട്. അതായത് ആ സ്ഥാനത്ത് മെക്സിക്കോയോ വെനിസ്വേലയോ വരാം.
ഇനി അർജന്റീന രണ്ടാം സ്ഥാനത്താണ് ഗ്രൂപ്പിൽ ഫിനിഷ് ചെയ്യുന്നതെങ്കിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെയായിരിക്കും അർജന്റീനക്ക് നേരിടേണ്ടിവരിക. നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് വെനിസ്വേലയാണ്. എന്നാൽ അവസാന മത്സരത്തിനു ശേഷം അവിടേക്ക് ഇക്വഡോറോ മെക്സിക്കോയോ കടന്ന് വരാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാൻ ആവില്ല. ചുരുക്കത്തിൽ മുകളിൽ പ്രതിപാദിച്ച മൂന്ന് ടീമുകളിൽ ഒന്നിനെയായിരിക്കും അർജന്റീന ക്വാർട്ടർ ഫൈനലിൽ നേരിടേണ്ടി വരിക.