നിങ്ങളാണ് GOAT:CR7ന് നാച്ചോയുടെ മറുപടി
റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഇതിഹാസമായ നാച്ചോ ഇപ്പോൾ ക്ലബ്ബിൽ നിന്നും പടിയിറങ്ങുകയാണ്. നീണ്ട 23 വർഷക്കാലത്ത് റയൽ മാഡ്രിഡ് കരിയറിനാണ് അദ്ദേഹം വിരാമം കുറിച്ചിരിക്കുന്നത്. 2001 ലായിരുന്നു നാച്ചോ റയൽ മാഡ്രിഡ് അക്കാദമിയിൽ എത്തിയത്. അവിടം തൊട്ട് ഇവിടം വരെ അദ്ദേഹം റയൽ മാഡ്രിഡിന്റെ ഭാഗമായിരുന്നു. അദ്ദേഹം ക്ലബ്ബ് വിട്ട കാര്യം ഇന്നലെയാണ് റയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തുടർന്ന് നാച്ചോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകർക്കായി ഒരു സന്ദേശം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എല്ലാവർക്കും നന്ദി പറയുകയാണ് ചെയ്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അതിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” റയൽ മാഡ്രിഡിന്റെ മഹത്തായ ചരിത്രത്തിലെ ഹീറോകളിൽ ഒരാളാണ് നിങ്ങൾ. നീ നേടിയ നേട്ടങ്ങളിൽ എല്ലാം അഭിമാനിക്കുക നാച്ചോ ” എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരിക്കുന്നത്.
അതിന് നാച്ചോ റിപ്ലൈ നൽകുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “നന്ദി ക്രിസ്. നിങ്ങളോടൊപ്പം ഒരുപാട് മത്സരങ്ങൾ കളിക്കാൻ ആയതിലും ഒരുപാട് വിജയങ്ങൾ നേടാൻ ആയതിലും ഞാൻ അഭിമാനിക്കുന്നു.അതൊരു ബഹുമതിയാണ്. നിങ്ങളാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ” ഇതാണ് നാച്ചോ റൊണാൾഡോക്ക് നൽകിയ മറുപടി.
ഏതായാലും റയൽ മാഡ്രിഡിന് അവരുടെ മറ്റൊരു ഐതിഹാസിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്. 34കാരനായ നാച്ചോ സൗദി അറേബ്യയിലെക്കാണ് പോകുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ അവിടെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഇരുവരും ഒരുമിച്ച് ഒരുപാട് കാലം റയൽ മാഡ്രിഡിൽ കളിക്കുകയും കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.