ബാലവേല,യമാലിന്റെ കാര്യത്തിൽ സ്പെയിനിന് പണി കിട്ടിയേക്കും!
ഇത്തവണത്തെ യൂറോ കപ്പിൽ തകർപ്പൻ പ്രകടനമാണ് സ്പെയിൻ നടത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അവർക്ക് കഴിഞ്ഞിരുന്നു. അവസാനത്തെ മത്സരത്തിൽ അൽബെനിയയെയാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു ലാമിനെ യമാൽ കളിച്ചിരുന്നത്.
കേവലം 16 വയസ്സ് മാത്രമുള്ള യമാൽ സ്പെയിനിന്റെ 3 മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ താരത്തിന്റെ കാര്യത്തിൽ സ്പെയിനിന് ഒരു നിയമ നടപടി നേരിടേണ്ടിവന്നേക്കും. ബാലവേലയുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പിഴയായിരിക്കും സ്പാനിഷ് ദേശീയ ടീമിന് നേരിടേണ്ടി വരിക. ജർമ്മനിയിലെ പ്രമുഖ മാധ്യമമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജർമനിയിലെ തൊഴിലാളി നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രാത്രി 8 മണി വരെ മാത്രമേ ജോലി എടുക്കാനുള്ള അനുമതിയൊള്ളൂ.എന്നാൽ കായിക താരങ്ങളുടെ കാര്യത്തിൽ ചെറിയ ഇളവുണ്ട്. 18 വയസ്സിന് താഴെ പ്രായമുള്ള കായിക താരങ്ങൾക്ക് രാത്രി 11:00 മണി വരെ തങ്ങളുടെ പ്രൊഫഷനിൽ തുടരാം.അതിനുശേഷം തുടരുന്നത് നിയമവിരുദ്ധമാണ്.
എന്നാൽ കഴിഞ്ഞ സ്പെയിനിന്റെ മത്സരവും പ്രസ് ഡ്യൂട്ടിയും ഫോട്ടോഗ്രാഫും ഒക്കെ കഴിഞ്ഞപ്പോൾ 11 മണി പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.ഇതോടെ തൊഴിലാളി നിയമം ലംഘിക്കപ്പെട്ടു. കാരണം 16 വയസ്സ് മാത്രമുള്ള യമാൽ 11 മണിക്ക് ശേഷവും ജോലിയിൽ തുടർന്നു.ജർമനിയിലെ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്.അതുകൊണ്ടുതന്നെ സ്പാനിഷ് ദേശീയ ടീമിനെ ഫൈൻ ചുമത്തപ്പെട്ടേക്കാം.30000 യൂറോ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ അടക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇത് ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഉള്ളത്.ഏതായാലും ഇത് ഫുട്ബോൾ ലോകത്ത് ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്.