പിറകിൽ നിന്നും തിരിച്ചടിച്ചു, പൊരുതി വിജയിച്ച് പോർച്ചുഗൽ!

ഇന്നലെ യുവേഫ യൂറോയിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പോർച്ചുഗല്ലിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ അവർ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് പോർച്ചുഗൽ ഈ വിജയം നേടിയെടുത്തത്.ചെക്ക് റിപ്പബ്ലിക്കിന്റെ ശക്തമായ പ്രതിരോധത്തെ അവർ മറികടക്കുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ,റഫയേൽ ലിയാവോ എന്നിവരായിരുന്നു പോർച്ചുഗലിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കം മുതലേ പോർച്ചുഗൽ ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും അത് കണ്ടെത്താൻ സാധിച്ചില്ല. മത്സരത്തിന്റെ 62ആം മിനുട്ടിൽ ചെക്ക് റിപ്പബ്ലിക് ലീഡ് എടുക്കുകയായിരുന്നു.ലുകാസ് പ്രോവോഡിലൂടെയാണ് അവർ ലീഡ് എടുത്തത്.പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 69ആം മിനിറ്റിൽ റോബിൻ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയിലായി.

പിന്നീട് വിജയ ഗോളിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു പോർച്ചുഗൽ ഉണ്ടായിരുന്നത്.87ആം മിനുട്ടിൽ ജോട്ട ഒരു ഗോൾ നേടിയെങ്കിലും VAR മുഖാന്തരം റഫറി അത് നിഷേധിക്കുകയായിരുന്നു. പിന്നീട് 92ആം മിനുട്ടിലാണ് കോൺഷീസാവോ പോർച്ചുഗലിന്റെ വിജയഗോൾ നേടുന്നത്.ഇതോടെ അവർ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളികൾ.ജോർജിയയെ 3-1 എന്ന സ്കോറിന് തോൽപ്പിച്ചു കൊണ്ടാണ് തുര്‍ക്കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *