ക്രിസ്റ്റ്യാനോ എപ്പോഴും വലുത് മാത്രം ചിന്തിക്കുന്നവൻ :ഡാലോട്ട്
യൂറോ കപ്പിലെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ പോർച്ചുഗൽ ദേശീയ ടീമുള്ളത്. ആദ്യ മത്സരത്തിൽ അവരുടെ എതിരാളികൾ ചെക്ക് റിപ്പബ്ലിക്കാണ്. വരുന്ന ചൊവ്വാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.പോർച്ചുഗല്ലിന് വിജയിച്ചുകൊണ്ട് തുടങ്ങാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പോർച്ചുഗീസ് ആരാധകർ ഉള്ളത്.
ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് അവരുടെ ശക്തി.മുന്നിൽ നിന്ന് നയിക്കാൻ റൊണാൾഡോ ഉണ്ട് എന്നത് തന്നെയാണ് അവരുടെ ധൈര്യം.തന്റെ സഹതാരത്തെക്കുറിച്ച് ഡിയോഗോ ഡാലോട്ട് ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോ ഒരു യഥാർത്ഥ ലീഡറാണെന്നും എപ്പോഴും വലുതിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുക എന്നുമാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
“ഞാൻ പ്രധാനമായും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആദ്യ മത്സരത്തിലാണ്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം എപ്പോഴും വലുതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക. ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നു.ഞങ്ങളുടെ ലീഡറാണ് റൊണാൾഡോ.ടീമിനകത്ത് ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരം അദ്ദേഹമാണ്.പടിപടിയായി കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകേണ്ടത്.ഇത്തവണത്തെ കിരീടം നേടാൻ ഞങ്ങൾക്ക് സാധിക്കും, അക്കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ” ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ അയർലാൻഡ്നെതിരെയുള്ള മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി കൊണ്ടാണ് പോർച്ചുഗൽ വരുന്നത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ വിജയിച്ചിരുന്നത്. രണ്ട് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 130 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് ഇപ്പോൾ സാധിച്ചു.