2016 ആവർത്തിക്കാനുള്ള എല്ലാ ചേരുവകളും ഞങ്ങൾക്കുണ്ട്:പോർച്ചുഗീസ് സൂപ്പർ താരം!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ വമ്പൻമാരായ പോർച്ചുഗല്ലിന് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ അയർലണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഇതോടെ പോർച്ചുഗലിനു വേണ്ടി 130 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു.

ഇനി യൂറോകപ്പിലാണ് പോർച്ചുഗൽ കളിക്കുക. ഇത്തവണത്തെ കിരീട ഫേവറേറ്റുകളിൽ ഒന്നുകൂടിയാണ് പോർച്ചുഗൽ. നിരവധി സൂപ്പർതാരങ്ങൾ അവർക്കുണ്ട്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ അവരുടെ താരമായ ഡാനിലോ പറഞ്ഞിട്ടുണ്ട്. 2016 യൂറോ കപ്പ് നേടിയത് പോലെ ഇത്തവണയും നേടാനുള്ള എല്ലാ ചേരുവകളും തങ്ങൾക്കുണ്ട് എന്നാണ് ഡാനിലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” 2016 ആവർത്തിക്കാനുള്ള എല്ലാവിധ ചേരുവകളും ഞങ്ങൾക്ക് ഇത്തവണയുണ്ട്. പക്ഷേ ടാലന്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല.ഞങ്ങൾ സ്വയം വിശ്വസിക്കണം.വളരെയധികം കഠിനാധ്വാനം ചെയ്യുകയും വേണം.പരസ്പരം വിശ്വാസം അർപ്പിക്കണം.ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്.കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട അതുകൊണ്ടുതന്നെ ആത്മവിശ്വാസം ഒന്ന് കുറഞ്ഞിരുന്നു.പക്ഷേ അത് വീണ്ടെടുക്കാൻ ഈ വിജയം സഹായിച്ചിട്ടുണ്ട്. മത്സരത്തിൽ ഞങ്ങൾ തന്നെയാണ് ആധിപത്യം പുലർത്തിയത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ രണ്ടു ഗോളുകൾ അദ്ദേഹത്തിന്റെ സ്പിരിറ്റ് ഒന്നുകൂടി ഉയർത്തുകയാണ് ചെയ്യുക “ഇതാണ് ഡാനിലോ പറഞ്ഞിട്ടുള്ളത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഡാനിലോ പകരക്കാരനായി കൊണ്ട് കളിക്കളത്തിലേക്ക് വന്നത്. ഇനി യൂറോകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെയാണ് നേരിടുക.ജൂൺ പതിനെട്ടാം തീയതി അർദ്ധരാത്രിയാണ് ഈ മത്സരം നടക്കുക. വിജയിച്ചുകൊണ്ട് തുടങ്ങാൻ സാധിക്കും എന്ന് തന്നെയാണ് റോബർട്ടോ മാർട്ടിനസും സംഘവും വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *