ഞങ്ങളല്ല, അവരാണ് പോർച്ചുഗലിന്റെ ബെസ്റ്റ് ജനറേഷൻ:ബ്രൂണോ പറയുന്നു!
ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ അയർലാൻഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയോട് പോർച്ചുഗൽ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തിൽ റൊണാൾഡോ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പോർച്ചുഗൽ ചരിത്രത്തിലെ ഏറ്റവും മികച്ച ജനറേഷനായി കൊണ്ട് ഈ ജനറേഷനെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് അത് നിഷേധിച്ചിട്ടുണ്ട്.2016 മുതൽ 2019 വരെയുള്ള ജനറേഷനാണ് ഏറ്റവും മികച്ചതെന്നും അവർ കിരീടങ്ങൾ നേടിയിട്ടുണ്ട് എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. കിരീടം നേടാൻ ശേഷിയുള്ള രണ്ട് ടീമുകൾ പോർച്ചുഗലിൽ ഉണ്ടെന്ന് ഈയിടെ മൊറിഞ്ഞോ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണവും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.
![](https://raftalkonline.com/wp-content/uploads/2024/06/Screenshot_2024-06-11-12-02-42-63_0b2fce7a16bf2b728d6ffa28c8d60efb-643x1024.jpg)
” ഇപ്പോഴത്തെ ടീമാണ് ബെസ്റ്റ് ജനറേഷൻ എന്ന് പറയാൻ കഴിയില്ല.നിലവിൽ ബെസ്റ്റ് ജനറേഷൻ കിരീടങ്ങൾ നേടിയവരാണ്. 2016 മുതൽ 2019 വരെയുള്ള ആ പോർച്ചുഗീസ് ടീമാണ്. ഞങ്ങൾക്ക് ബെസ്റ്റ് ജനറേഷനായി മാറണമെങ്കിൽ ഇത്തവണത്തെ യൂറോകപ്പ് ഞങ്ങൾ നേടേണ്ടതുണ്ട്.ഞങ്ങൾക്ക് ഒരു സെക്കൻഡ് ടീം ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല. ഞങ്ങൾ ഒരു ടീം മാത്രമാണ്. ഞങ്ങളുടെ എല്ലാ താരങ്ങൾക്കും ഇലവനിൽ ഇടം നേടാനുള്ള കപ്പാസിറ്റി ഉണ്ട്. എല്ലാ പൊസിഷനുകളിലും ഒരുപാട് ക്വാളിറ്റിയുള്ള താരങ്ങളുണ്ട്. പല ടീമുകളിലും ഒരു താരത്തെ നഷ്ടമായാൽ ടീമിന്റെ ശക്തി കുറയുകയാണ് ചെയ്യുക.എന്നാൽ ഇവിടെ അങ്ങനെയല്ല.കാരണം എല്ലാവരും മികച്ച താരങ്ങളാണ്. വ്യക്തിഗത ലെവലിലും ടീം എന്ന നിലയിലും ഞങ്ങൾ വളരെ കരുത്തരാണ്. കടലാസിൽ ഞങ്ങൾ ഫേവറേറ്റുകളും ആണ്.സർവ്വതും സമർപ്പിച്ചുകൊണ്ട് ഞങ്ങൾ ഈ കിരീടത്തിന് വേണ്ടി പോരാടേണ്ടതുണ്ട് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനമാണ് പരിശീലകനായ റോബർട്ടോ മാർട്ടിനസിന് കീഴിൽ ഇതുവരെ പോർച്ചുഗൽ നടത്തിയിട്ടുള്ളത്. പക്ഷേ കഴിഞ്ഞ മത്സരത്തിലെ തോൽവി അവർക്ക് ഒരല്പം ക്ഷീണം ചെയ്യുന്ന കാര്യമാണ്. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ചെക്ക് റിപ്പബ്ലിക്,തുർക്കി,ജോർജിയ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികളായി കൊണ്ട് വരുന്നത്.