ഒട്ടും നിലവാരമില്ലാത്ത ആൾ : എംബപ്പേയുടെ കാര്യത്തിൽ PSG
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ടാണ് ഇപ്പോൾ പിഎസ്ജി വിട്ടിരിക്കുന്നത്.അദ്ദേഹം റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യുകയും ചെയ്തു. താരം കോൺട്രാക്ട് പുതുക്കാതെ ഫ്രീയായി കൊണ്ട് ക്ലബ്ബ് വിട്ടതിൽ അവരുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിക്ക് കടുത്ത ദേഷ്യമുണ്ട്.പിഎസ്ജി താരത്തിന് നൽകാനുള്ള സാലറിയും ബോണസും ഇതുവരെ നൽകിയിട്ടില്ല എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തേക്ക് വന്നിരുന്നു.
ഇക്കാര്യത്തിൽ പിഎസ്ജിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് എംബപ്പേയുടെ ക്യാമ്പ് ഉള്ളത്. മാത്രമല്ല കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ എംബപ്പേ പിഎസ്ജിയെ വിമർശിക്കുകയും ചെയ്തിരുന്നു. ക്ലബ്ബ് വിടാനുള്ള തീരുമാനം അറിയിച്ചതോടെ തന്നെ ഇനിയൊരിക്കലും കളിപ്പിക്കില്ലെന്ന് പിഎസ്ജി തന്നോട് മുഖത്ത് നോക്കി പറഞ്ഞു എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.ഖലീഫിയുടെ പേരെടുത്ത് പരാമർശിക്കാൻ എംബപ്പേ തയ്യാറായിട്ടില്ലെങ്കിലും അത് ഖലീഫിയാണ് എന്നത് വ്യക്തമാണ്. എന്നാൽ പരിശീലകൻ എൻറിക്കെയും സ്പോർട്ടിംഗ് ഡയറക്ട് കാമ്പോസും തന്നെ രക്ഷിച്ചുവെന്ന് എംബപ്പേ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായിരുന്നു. ഏതായാലും പിഎസ്ജി ക്ലബ്ബിലെ പേര് വെളിപ്പെടുത്താത്ത ഒരു അംഗം ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ AFP റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഒട്ടും ക്ലാസ്സ് ഇല്ലാത്ത അഥവാ നിലവാരമില്ലാത്ത ഒരാളാണ് ഇപ്പോൾ എംബപ്പേ.നാസർ അൽ ഖലീഫി ഒരിക്കലും തന്നെ ടീമിന്റെ തീരുമാനങ്ങളിൽ ഇടപെട്ടിട്ടില്ല. ഇക്കാര്യം ലൂയിസ് എൻറിക്കെ തന്നെ നേരിട്ട് തുറന്നു പറഞ്ഞ കാര്യമാണ്. പക്ഷേ ഈയൊരു അവസരത്തിൽ എംബപ്പേ എന്ത് പറഞ്ഞാലും അതാണ് ആളുകളും മാധ്യമങ്ങളും വിശ്വസിക്കുക ” ഇതാണ് പിഎസ്ജി എന്ന ക്ലബ്ബിൽ നിന്നും ലഭിച്ചിട്ടുള്ള പ്രതികരണം.
ഏതായാലും എംബപ്പേയും പിഎസ്ജിയും തമ്മിൽ അത്ര രസത്തിലല്ല എന്നത് വ്യക്തമാണ്.പിഎസ്ജി പ്രസിഡന്റുമായും ബോർഡുമായുമാണ് എംബപ്പേക്ക് പ്രശ്നങ്ങൾ നിലനിൽക്കുന്നത്. അതേസമയം പിഎസ്ജി ആരാധകകൂട്ടായ്മയായ അൾട്രാസ് എംബപ്പേക്കൊപ്പം തന്നെയാണ്. എന്നാൽ ബാക്കിവരുന്ന പിഎസ്ജി ആരാധകർക്കിടയിൽ പലർക്കും അദ്ദേഹത്തോട് ഇക്കാര്യത്തിൽ എതിർപ്പുമുണ്ട്.