സോഷ്യൽ മീഡിയ കോച്ചല്ല,ആഞ്ചലോട്ടിയാണ് യഥാർത്ഥ കോച്ച്: മൊറിഞ്ഞോ
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്മുണ്ടിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിനീഷ്യസ്,കാർവഹൽ എന്നിവർ നേടിയ ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്.ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് ഇന്നലെ സ്വന്തമാക്കിയിട്ടുള്ളത്.
മാത്രമല്ല ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള പരിശീലകനായി മാറാൻ ആഞ്ചലോട്ടിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് ഈ ഇറ്റാലിയൻ പരിശീലകൻ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് മറ്റൊരു സൂപ്പർ പരിശീലകനായ ഹൊസെ മൊറിഞ്ഞോ രംഗത്ത് വന്നിട്ടുണ്ട്.ആഞ്ചലോട്ടി സോഷ്യൽ മീഡിയ പരിശീലകൻ അല്ലെന്നും മറിച്ച് യഥാർത്ഥ പരിശീലകനാണ് എന്നുമാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആഞ്ചലോട്ടി ഒരു സോഷ്യൽ മീഡിയ കോച്ച് അല്ല.മറിച്ച് അദ്ദേഹം ഒരു യഥാർത്ഥ പരിശീലകനാണ്.അദ്ദേഹത്തിന്റെ ഓഫീസിൽ പോയി നോക്കൂ,അദ്ദേഹം നേടിയ മെഡലുകൾ നിങ്ങൾക്ക് കാണാം. ഫിലോസഫി മാറ്റിയതിൽ നിങ്ങൾ ഹാപ്പിയാണോ എന്ന് റയൽ മാഡ്രിഡ് ആരാധകരോട് ചോദിച്ചു നോക്കൂ? റയൽ മാഡ്രിഡ് ഫിലോസഫി വിൽക്കുകയല്ല ചെയ്യുന്നത്.മറിച്ച് കിരീടങ്ങൾ ഷെൽഫിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് കിരീടങ്ങൾ മുഴുവനും സ്വന്തമാക്കിയ ഏക പരിശീലകൻ ആഞ്ചലോട്ടിയാണ്. അതിന് പുറമെയാണ് അദ്ദേഹം 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായി കൊണ്ട് ആഞ്ചലോട്ടി ഇപ്പോൾ മാറിക്കഴിഞ്ഞിട്ടുണ്ട്.