കോപ അമേരിക്കക്ക് അർജന്റീന ഒരുങ്ങുന്നു,ഷെഡ്യൂൾ ഇങ്ങനെ!
വരുന്ന ജൂൺ 21 തീയതിയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ എല്ലാ ടീമുകളും ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. കിരീട ഫേവറേറ്റുകളിൽ ഒന്നായ ബ്രസീൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ഇപ്പോൾ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അർജന്റീന മയാമിയിലാണ് തമ്പടിക്കുന്നത്.
അർജന്റീനയുടെ ടീം ഇപ്പോൾ മയാമിയിലേക്ക് യാത്ര തിരിച്ചുകഴിഞ്ഞു എന്നുള്ള കാര്യം പ്രമുഖ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രതിരോധനിരയിലെ സൂപ്പർതാരമായ ക്രിസ്റ്റ്യൻ റൊമേറോയാണ് ആദ്യമായി അർജന്റീന ക്യാമ്പിൽ എത്തിയ താരം. അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫും ബാക്കിയുള്ള താരങ്ങളും അമേരിക്കയിൽ ഞായറാഴ്ച രാവിലെയാണ് എത്തുക. അർജന്റീനയുടെ ആദ്യ ട്രെയിനിങ് സെഷൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് തിങ്കളാഴ്ചയാണ്.
ലയണൽ മെസ്സി ഇന്ന് തന്റെ ക്ലബ്ബായ ഇന്റർമയാമിക്കൊപ്പം ഒരു മത്സരം കളിച്ചിരുന്നു.മെസ്സി തിങ്കളാഴ്ചയാണ് അർജന്റീന ടീമിനോടൊപ്പം ജോയിൻ ചെയ്യുക. തിങ്കളാഴ്ച നടക്കുന്ന ട്രെയിനിങ് സെഷനിൽ ലയണൽ മെസ്സി പങ്കെടുക്കും എന്നുള്ള കാര്യവും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഗോൾകീപ്പർ അർമാനിക്ക് തന്നെ ക്ലബ്ബായ റിവർ പ്ലേറ്റിനോടൊപ്പം ഒരു മത്സരം കൂടി കളിക്കാനുണ്ട്.അതിനുശേഷമാണ് അദ്ദേഹം അർജന്റീന ക്യാമ്പിൽ എത്തുക.
കോപ്പ അമേരിക്കക്ക് മുന്നേ 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. എതിരാളികൾ ഇക്വഡോറും ഗ്വാട്ടിമാലയുമാണ്.ജൂൺ പത്താം തീയതിയും പതിനഞ്ചാം തീയതിയുമാണ് ഈ മത്സരങ്ങൾ നടക്കുക. അതിനുശേഷം ജൂൺ 21ആം തീയതി കോപ്പയിലെ ആദ്യ മത്സരം അർജന്റീന കളിക്കും.അൽഫോൺസോ ഡേവിസിന്റെ കാനഡയാണ് അർജന്റീനയുടെ എതിരാളികളായി കൊണ്ട് വരുന്നത്.