കപ്പടിച്ച് വാ: ബ്രസീലിയൻ ക്യാമ്പിൽ നിന്നും വിനിക്കൊരു സന്ദേശം!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു കലാശ പോരാട്ടം നടക്കുക.ലണ്ടനിലെ വെമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന ബ്രസീലിയൻ സൂപ്പർതാരമാണ് വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗ് കിരീടം നേടി കഴിഞ്ഞാൽ ബാലൺഡി’ഓർ സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളായി വിനി മാറുകയും ചെയ്യും. നിലവിൽ കോപ്പ അമേരിക്കക്കുള്ള ഒരുക്കങ്ങൾ ബ്രസീലിയൻ ടീം ആരംഭിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഒരുങ്ങുന്ന തങ്ങളുടെ സഹതാരത്തിന് ബ്രസീലിയൻ ക്യാമ്പിൽ നിന്നും ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഇന്നലത്തെ പ്രസ് കോൺഫറൻസിൽ ബ്രസീലിയൻ താരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ച ലുകാസ് പക്കേറ്റയാണ് വിനീഷ്യസിന് എല്ലാവിധ ആശംസകളും നേർന്നത്.പക്കേറ്റ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“വിനീഷ്യസ്.. നിനക്ക് നല്ലൊരു പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ ഫൈനൽ മത്സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ നിനക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തെന്നാൽ നീ ഈ കിരീടം അർഹിക്കുന്നുണ്ട് ” ഇതാണ് പക്കേറ്റ പറഞ്ഞിട്ടുള്ളത്.
ഈ ഫൈനൽ മത്സരത്തിനു ശേഷം വിനീഷ്യസും റോഡ്രിഗോയുമൊക്കെ ബ്രസീലിയൻ ക്യാമ്പിൽ ജോയിൻ ചെയ്യും.കോപ്പ അമേരിക്കക്ക് മുന്നേ 2 സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്.എതിരാളികൾ മെക്സിക്കോയും അമേരിക്കയുമാണ്. ജൂൺ ഒമ്പതാം തീയതിയും പതിമൂന്നാം തീയതിയുമാണ് ഈ മത്സരം നടക്കുക. അതിനുശേഷം നടക്കുന്ന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ.