സിദാൻ ഇല്ലാതെ ഈ വണ്ടി നീങ്ങില്ലെന്ന് പറഞ്ഞു :വെളിപ്പെടുത്തലുമായി ആഞ്ചലോട്ടി!

ഫുട്ബോൾ ലോകത്തെ പല ഇതിഹാസ താരങ്ങളെയും പരിശീലിപ്പിച്ച് പരിചയമുള്ള വ്യക്തിയാണ് കാർലോ ആഞ്ചലോട്ടി.സിനദിൻ സിദാനേയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.1999 മുതൽ 2001 വരെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെയായിരുന്നു ആഞ്ചലോട്ടി പരിശീലിപ്പിച്ചിരുന്നത്. അന്ന് യുവന്റസിൽ സിദാൻ തിളങ്ങി നിൽക്കുന്ന ഒരു സമയമാണ്. അദ്ദേഹത്തിന്റെ അന്നത്തെ ക്ലബ്ബിലെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു കാര്യം ഇപ്പോൾ ആഞ്ചലോട്ടി തുറന്നു പറഞ്ഞിട്ടുണ്ട്.

അതായത് അന്ന് സിനദിൻ സിദാന് വേണ്ടി എല്ലാവരും ബസ്സിൽ കാത്തുനിന്ന കഥയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സിദാൻ ഇല്ലാതെ പോകാൻ താൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ഇല്ലാതെ എവിടേക്കും പോകാൻ കഴിയില്ല എന്നാണ് അന്ന് എല്ലാവരും വ്യക്തമാക്കിയത് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ടൈംസ് സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“യുവന്റസിലായിരുന്ന സമയത്ത് ഒരു ദിവസം സിദാൻ ടീം ബസിലെത്താൻ വൈകിയിരുന്നു.ഞങ്ങളെല്ലാവരും അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു. ഇനി കാത്തു നിൽക്കാൻ കഴിയില്ല,നമുക്ക് പോവാം എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു.പക്ഷേ അദ്ദേഹത്തിന് പേടിയായിരുന്നു. അദ്ദേഹം ബസ് എടുത്തില്ല. ആ സമയത്ത് പൗലോ മോന്റെറോ എന്നോട് ഇതേക്കുറിച്ച് സംസാരിക്കാൻ വന്നു. നമുക്ക് പോകാം,ബാക്കിയൊക്കെ പിന്നീട് നോക്കാം എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.അദ്ദേഹം എന്നോട് പറഞ്ഞു,നിങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല, ഇവിടെ സിദാൻ ഇല്ലാതെ നമ്മൾ എങ്ങോട്ടും പോകില്ല.ഞാനത് ഉൾക്കൊണ്ടു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തെ കാത്തിരുന്നു ” ഇതാണ് ആ സംഭവത്തെക്കുറിച്ച് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

അന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള താരങ്ങളിൽ ഒരാളായിരുന്നു സിദാൻ.2001ൽ യുവന്റസ് വിട്ട അദ്ദേഹം റയൽ മാഡ്രിഡിൽ എത്തുകയായിരുന്നു. പിന്നീട് 2006 വരെ അവിടെ ചെലവഴിച്ച അദ്ദേഹം പിന്നീട് വിരമിക്കൽ പ്രഖ്യാപിച്ചു. താരമായും പരിശീലകനായും തിളങ്ങിയ അപൂർവ്വം വ്യക്തികളിൽ ഒരാൾ കൂടിയാണ് സിദാൻ.

Leave a Reply

Your email address will not be published. Required fields are marked *