ടെൻഹാഗ് പറഞ്ഞത് പൂർണ്ണമായും അംഗീകരിക്കുന്നു:പെപ് ഗാർഡിയോള

ഇന്ന് FA കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഒരു കിടിലൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നഗര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് വെമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ കലാശ പോരാട്ടം നടക്കുക. കഴിഞ്ഞ വർഷവും ഫൈനലിൽ ഈ രണ്ട് ടീമുകൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ 2 ഗോളുകൾക്ക് യുണൈറ്റഡിനെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ സിറ്റിക്ക് കഴിഞ്ഞിരുന്നു.

ഈ സീസൺ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വളരെ മോശം സീസണാണ്.പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തിട്ടുള്ളത്. നിരവധി തോൽവികൾ ഈ സീസണിൽ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇതിന്റെ കാരണമായി കൊണ്ട് ടെൻഹാഗ് ചൂണ്ടിക്കാണിച്ചിരുന്നത് പരിക്കുകളായിരുന്നു. അക്കാര്യം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പൂർണ്ണമായും അംഗീകരിച്ചിട്ടുണ്ട്.ടെൻ ഹാഗിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് നല്ല കാര്യങ്ങൾ ടെൻ ഹാഗ് ചെയ്തിട്ടുണ്ട്.അദ്ദേഹം മുൻപ് ചെയ്ത ജോലിയോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്.മാത്രമല്ല ഇപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു. പരിക്ക് കാരണം അദ്ദേഹത്തിന് ഈ സീസണിൽ ഫുൾ സ്‌ക്വാഡ് ലഭിച്ചിരുന്നില്ല. തീർച്ചയായും ഈ പരിക്കുകൾക്ക് അവർ വലിയ പരിഗണന നൽകേണ്ടതുണ്ട്.താരങ്ങളെ ആരോഗ്യവാന്മാരായി നിർത്തേണ്ടത് ക്ലബ്ബിന്റെ ചുമതലയാണ്. അവരുടെ സ്‌ക്വാഡ് മികച്ചതാണ്.പക്ഷേ പരിക്കുകൾ കാരണം അത് ഉപയോഗപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. അത് വലിയൊരു തിരിച്ചടി തന്നെയാണ് “ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ ഫൈനൽ മത്സരത്തിൽ എല്ലാവിധ സാധ്യതകളും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമാണ്.ഈ സീസണിൽ രണ്ട് തവണയാണ് മാഞ്ചസ്റ്റർ ഡെർബി നടന്നിട്ടുള്ളത്.രണ്ട് തവണയും മികച്ച വിജയം കരസ്ഥമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *