മോശം പെരുമാറ്റം,ചാവിക്കും സൂപ്പർ താരത്തിനും രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക്!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിക്കെതിരെ തകർപ്പൻ വിജയം നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു.രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു അവർ വിജയിച്ചിരുന്നത്. എന്നാൽ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് ബാഴ്സലോണ തകർന്നടിയുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.റൊണാൾഡ് അരൗഹോ റെഡ് കാർഡ് വഴങ്ങിയത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.

ഈ മത്സരത്തിനിടെ ബാഴ്സലോണയുടെ പരിശീലകനായ ചാവി ഒഫീഷ്യൽസിനോട് വളരെ മോശമായി പെരുമാറിയിരുന്നു. ഇക്കാര്യത്തിൽ യുവേഫ ഇപ്പോൾ നടപടി കൈക്കൊണ്ടിട്ടുണ്ട്. 2 മത്സരങ്ങളിൽ ചാവിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതായത് യുവേഫയുടെ കോമ്പറ്റീഷനിൽ അടുത്തതായി ചാവി ഉണ്ടായേക്കാവുന്ന 2 മത്സരങ്ങളിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ല.ചാവിക്ക് മാത്രമല്ല, ബാഴ്സലോണയുടെ ഗോൾ കീപ്പിംഗ് പരിശീലകനും വിലക്ക് ലഭിച്ചിട്ടുണ്ട്. ഒരു മത്സരത്തിലാണ് അദ്ദേഹം പുറത്താവേണ്ടി വരിക.

ബാഴ്സയുടെ സൂപ്പർ താരമായ സെർജി റോബർട്ടോക്കും സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്.അതായത് മത്സരത്തിനുശേഷം അദ്ദേഹം റഫറിമാരെ വിമർശിച്ചിരുന്നു. ഇക്കാര്യത്തിലാണ് യുവേഫ രണ്ട് മത്സരങ്ങളിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുള്ളത്.യുവേഫയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ റോബർട്ടോക്ക് കളിക്കാൻ കഴിയില്ല. ഇത് കൂടാതെ ബാഴ്സക്കും പിഎസ്ജിക്കും യുവേഫ ഫൈൻ ചുമത്തിയിട്ടുണ്ട്.

മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് ഇരു ക്ലബ്ബുകൾക്കും ഫൈൻ വന്നിട്ടുള്ളത്. ബാഴ്സലോണക്ക് 57,250 യുറോയാണ് വിവിധ വകുപ്പുകളിലായി പിഴ ചുമത്തപ്പെട്ടിട്ടുള്ളത്.അതേസമയം ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈൻ ചെറുതാണ്. 4000 യൂറോയാണ് അവർ അടക്കേണ്ടത്. ബാഴ്സലോണയോട് വിജയിച്ച പിഎസ്ജി ബൊറൂസിയയോട് പരാജയപ്പെട്ടു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *