കോപ അമേരിക്ക,ഇന്റർമയാമി എങ്ങനെ അതിജീവിക്കുമെന്ന് വ്യക്തമാക്കി പരിശീലകൻ!

നിലവിൽ മികച്ച പ്രകടനമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി പുറത്തെടുക്കുന്നത്. ആകെ കളിച്ച 15 മത്സരങ്ങളിൽ 9 മത്സരങ്ങളിൽ അവർ വിജയങ്ങൾ നേടിയിട്ടുണ്ട്.ഈ മികവിന് അവരെ സഹായിക്കുന്നത് സൂപ്പർ താരം ലയണൽ മെസ്സിയുടെ പ്രകടനമാണ്. മെസ്സി ഇല്ലാതെ കളിച്ച 13 മത്സരങ്ങളിൽ കേവലം രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം മെസ്സി കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.

അടുത്തമാസം ഒരു വലിയ വെല്ലുവിളി ഇന്റർമയാമിയെ കാത്തിരിക്കുന്നുണ്ട്. എന്തെന്നാൽ കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പമായിരിക്കും ഉണ്ടാവുക. ലയണൽ മെസ്സി ഇല്ലാതെ അഞ്ച് മത്സരങ്ങൾ ഇന്റർമയാമിക്ക് കളിക്കേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവരുടെ പരിശീലകനായ ടാറ്റ മാർട്ടിനോക്ക് ആശങ്കകൾ ഒന്നുമില്ല. മെസ്സി ഇല്ലാതെയും ഈ മത്സരങ്ങൾ അതിജീവിക്കാൻ കഴിയും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“നിലവിൽ ഞങ്ങളുടെ താരങ്ങൾ നല്ല ഫോമിലാണ്. താരങ്ങൾ ഈ ഫോം നിലനിർത്തേണ്ടതുണ്ട്.മാത്രമല്ല താരങ്ങൾ പേടി കൂടാതെ ആത്മവിശ്വാസത്തോടുകൂടി മത്സരങ്ങളെ നേരിടേണ്ടതുണ്ട്.സെന്റ് ലൂയിസ് സിറ്റിക്ക് ശേഷമുള്ള 5 മത്സരങ്ങളിൽ നമുക്ക് വെല്ലുവിളികൾ ഏറെയാണ്. അത് മനസ്സിലാക്കി കളിച്ചാൽ തീർച്ചയായും ഈ മത്സരങ്ങളെ നമുക്ക് അതിജീവിക്കാൻ സാധിക്കും” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വാൻകോവർ,അറ്റ്ലാന്റ യുണൈറ്റഡ്,സെന്റ് ലൂയിസ് സിറ്റി എന്നിവർക്കെതിരെയാണ് അടുത്ത മത്സരങ്ങൾ ഇന്റർമയാമി കളിക്കുക. ഈ മത്സരങ്ങളിൽ ലയണൽ മെസ്സി ഉണ്ടാകും. അതിനുശേഷം ഫിലാഡിൽഫിയ,കൊളംബസ്, നാഷ് വില്ലെ എസ്സി,ഷാർലറ്റ് എഫ്സി,സിൻസിനാറ്റി എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും. പിന്നീട് ജൂലൈ 18ആം തീയതി ടൊറൊന്റോക്കെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *