അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലോ? പ്രതികരിച്ച് ലുകാസ് പക്കേറ്റ!

അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു നല്ല മധ്യനിരതാരത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളക്ക് ആവശ്യമുണ്ട്.പ്രധാനമായും രണ്ട് ബ്രസീലിയൻ താരങ്ങളെ ഇവർ പരിഗണിക്കുന്നുണ്ട്.വെസ്റ്റ്‌ ഹാം യുണൈറ്റഡിന്റെ താരമായ ലുകാസ് പക്കേറ്റ,ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായ ബ്രൂണോ ഗുയ്മിറസ് എന്നിവരെയാണ് സിറ്റി പരിഗണിക്കുന്നത്. ഇതിൽ പക്കേറ്റയുമായി ബന്ധപ്പെട്ട റൂമറുകൾ അതിശക്തമാണ്. സിറ്റിയുടെ പരിശീലകനായ പെപ്പിന് വളരെയധികം ഇഷ്ടമുള്ള ഒരു താരം കൂടിയാണ് പക്കേറ്റ.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് വിട്ടുകൊണ്ട് സിറ്റിയിലേക്ക് പോകുമോ? ഇക്കാര്യം പക്കേറ്റയോട് ചോദിക്കപ്പെട്ടിരുന്നു.കൃത്യമായ ഒരു മറുപടി അദ്ദേഹം നൽകിയിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം കഴിഞ്ഞ് ട്രാൻസ്ഫർ വിൻഡോയിൽ നടന്നതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ സീസൺ ഫിനിഷ് ചെയ്യുന്നതിൽ മാത്രമാണ് താൻ ശ്രദ്ധ നൽകിയിരിക്കുന്നതെന്നും പക്കേറ്റ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് ഇവിടെ വെസ്റ്റ് ഹാമിൽ എന്റെ ജോലി ചെയ്തു തീർക്കാനുണ്ട്. തീർച്ചയായും ക്ലബ്ബിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്.ഞാൻ വളരെയധികം സന്തോഷവാനാണ്.ഞാൻ സന്തോഷവാനല്ല എന്ന് പറഞ്ഞാൽ അത് കളവായിരിക്കും. കളത്തിന് പുറത്ത് പലതും സംഭവിക്കുന്നുണ്ട് എന്നുള്ളത് എനിക്കറിയാം. പക്ഷേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് സീസൺ മികച്ച രൂപത്തിൽ ഫിനിഷ് ചെയ്യാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്.നല്ല രൂപത്തിൽ തുടങ്ങാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല രൂപത്തിൽ തന്നെ അവസാനിപ്പിക്കാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.ഇപ്പോൾ പുറത്ത് വരുന്ന റൂമറുകൾ എല്ലാം തന്നെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ടതാണ്.നിലവിൽ ഈ സീസൺ പൂർത്തിയാക്കുന്നതിൽ ഞാൻ ശ്രദ്ധ പതിപ്പിക്കുകയാണ്. എന്നിട്ട് ബാക്കി നോക്കാം “ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.

താരത്തെ കൈവിടാൻ വെസ്റ്റ് ഹാം യുണൈറ്റഡ് തയ്യാറാണെങ്കിലും എളുപ്പത്തിൽ കൈവിടാൻ അവർ ഉദ്ദേശിക്കുന്നില്ല. വലിയ ഒരു തുക തന്നെ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ചിലവഴിക്കേണ്ടി വന്നേക്കും.ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ മിഡ്‌ഫീൽഡർക്ക് കഴിഞ്ഞിട്ടുണ്ട്.നാല് ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *