നെയ്മർ അന്യഗ്രഹജീവി,PSG യിൽ പരാജിതനായിരുന്നു എന്ന് ഒരിക്കലും പറയാൻ കഴിയില്ല: പിന്തുണച്ച് ഡയാലോ

2017ലായിരുന്നു നെയ്മർ ജൂനിയർ ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയത്. തുടർന്ന് ആറ് വർഷക്കാലം ക്ലബ്ബിൽ അദ്ദേഹം ചിലവഴിച്ചു. പിന്നീട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന് പിഎസ്ജി വിടേണ്ടി വരുകയായിരുന്നു. ക്ലബ്ബിന്റെ ആവശ്യപ്രകാരമാണ് അദ്ദേഹം പിഎസ്ജി വിട്ടത്.പിഎസ്ജിയിൽ വെച്ച് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് നെയ്മർ.

എന്നാൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മുൻ പിഎസ്ജി താരമായിരുന്ന അബ്ദോ ഡയാലോ രംഗത്ത് വന്നിട്ടുണ്ട്. നെയ്മർ ജൂനിയർ പിഎസ്ജിയിൽ പരാജിതനായിരുന്നു എന്നുള്ളത് ഒരിക്കലും പറയാൻ സാധിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നെയ്മർ ഒരു അന്യഗ്രഹ ജീവിയാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഡയാലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർ ജൂനിയർ പിഎസ്ജിയിൽ വരുന്ന സമയത്ത് അദ്ദേഹത്തിൽ ചുമത്തപ്പെട്ട പ്രതീക്ഷകൾ വളരെ വലുതായിരുന്നു. ഒരു താരത്തിന് താങ്ങാവുന്നതിലുമപ്പുറം പ്രതീക്ഷകൾ നെയ്മർ ജൂനിയറിൽ ഉണ്ടായിരുന്നു. എല്ലാം അദ്ദേഹം സ്വയം തനിച്ച് ചെയ്യും എന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആബ്സെൻസിന്റെ പേരിൽ നമുക്ക് വേണമെങ്കിൽ അദ്ദേഹത്തെ വിമർശിക്കാം.സീസണിലെ പല പ്രധാനപ്പെട്ട നിമിഷങ്ങളിലും അദ്ദേഹം പുറത്തായിരുന്നു. പരിക്കുകൾ കാരണം ഒരുപാട് മത്സരങ്ങൾക്ക് അദ്ദേഹത്തിന് നഷ്ടമായി. പക്ഷേ അദ്ദേഹത്തിന് എല്ലാം നിയന്ത്രിക്കാൻ കഴിയില്ലല്ലോ?പക്ഷേ ആ പരിക്കുകൾ ഉണ്ടായിട്ടും അദ്ദേഹം മികച്ച പ്രകടനം നടത്തി.കണക്കുകൾ അത് തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നെയ്മർ പിഎസ്ജിയിൽ പരാജിതനാണെന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.ഫ്രാൻസിൽ നെയ്മറെക്കാൾ എക്സൈറ്റിംഗ് ചെയ്യിച്ച ഒരു താരം ഇനി ഉണ്ടാകുമോ എന്നത് എനിക്കറിയില്ല.പിഎസ്ജിയുടെ ചരിത്രത്തിൽ നെയ്മറെ പോലെ ഒരു താരം ഇനി ഉണ്ടാകുമോ എന്നും അറിയില്ല. നെയ്മർ ഒരു അന്യഗ്രഹ ജീവിയാണ് ” ഇതാണ് ഡയാലോ പറഞ്ഞിട്ടുള്ളത്.

2019 മുതൽ 2023 വരെ ഡയാലോ പിഎസ്ജിയുടെ താരമായിരുന്നു. നിലവിൽ ഖത്തർ ക്ലബ് ആയ അൽ അറബിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചുകൊണ്ടിരിക്കുന്ന ഈ താരം സെനഗൽ ദേശീയ ടീമിലും സ്ഥിര സാന്നിധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *