അപമാനകരം, ശക്തമായ നടപടികൾ എടുക്കും: താരത്തെ ആരാധകൻ ചാട്ടവാറുകൊണ്ടടിച്ച സംഭവത്തിൽ സൗദിയുടെ എഫ്എയുടെ പ്രതികരണം
സൗദി സൂപ്പർ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചുകൊണ്ട് അൽ ഹിലാൽ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഈ മത്സരത്തിനുശേഷം ഇത്തിഹാദിന്റെ സൂപ്പർതാരമായ ഹംദല്ലയും ഒരു ആരാധകനും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
തുടർന്ന് ആ ആരാധകൻ ചാട്ടവാറുകൊണ്ട് ഹംദല്ലയെ അടിക്കുകയായിരുന്നു. ഇത് വലിയ രൂപത്തിൽ ചർച്ചയായി.സൗദി അറേബ്യൻ ഫുട്ബോളിന് ഇതു വലിയ നാണക്കേടായി. ഇപ്പോൾ സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുണ്ട്.അവരുടെ സ്റ്റേറ്റ്മെന്റിൽ ഉള്ളത് ഇങ്ങനെയാണ്.
This is the incident that has been widely talked about: Hamdallah getting whipped by a fan: pic.twitter.com/mvJPocdAIt
— Joe Morrison (@joefooty) April 16, 2024
” ഫുട്ബോൾ എന്ന ഗെയിം കാണാനും കളിക്കാനും ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ആസ്വാദനങ്ങളും സുരക്ഷയും സംരക്ഷിക്കുക എന്നുള്ളതിന് തന്നെയാണ് സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ മുൻഗണന നൽകുന്നത്. ആരാധകരിൽ നിന്നുള്ള അനിഷ്ട പ്രവർത്തികൾ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. പക്ഷേ കഴിഞ്ഞ ദിവസം സംഭവിച്ചത് സൗദി ഫുട്ബോൾ പ്രതിനിധീകരിക്കുന്ന എല്ലാത്തിനും എതിരാണ്. അത് തികച്ചും അപമാനകരമായ ഒരു സംഭവമാണ്. അതിനെ ഞങ്ങൾ അപലപിക്കുന്നു.ഇതിനെക്കുറിച്ച് സമഗ്രമായ അവലോകനം ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി ശിക്ഷകൾ വേഗത്തിലാക്കുന്നതും കടുപ്പിക്കുന്നതും ഞങ്ങൾ പരിഗണിക്കുന്നുണ്ട്. തീർച്ചയായും നിയമങ്ങൾ പുതുക്കാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട് “ഇതാണ് അവരുടെ സ്റ്റേറ്റ്മെന്റിൽ ഉള്ളത്.
ശക്തമായ നടപടി സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ കൈക്കൊള്ളും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി ഫുട്ബോളിൽ ആരാധകർ തമ്മിലുള്ള വൈരം ഇപ്പോൾ ഏറെ ഉയരത്തിലാണ്. നിരവധി സൂപ്പർതാരങ്ങളെ ആകർഷിക്കുന്ന സൗദിക്ക് ഇത്തരം വിവാദ സംഭവങ്ങൾ വലിയ തിരിച്ചടിയാണ്.