പരിക്കുകൾ വിനയായി, ഇത് യുണൈറ്റഡ് അർഹിച്ച വിജയം:തുറന്ന് പറഞ്ഞ് ക്ലോപ്

ഇന്നലെ FA കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആവേശകരമായ ഒരു വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ബദ്ധവൈരികളായ ലിവർപൂളിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് യുണൈറ്റഡ് ഓൾഡ് ട്രാഫോഡിൽ വെച്ച് പരാജയപ്പെടുത്തുകയായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഏറ്റവും അവസാനത്തിൽ ഡയാലോ നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.

ഏതായാലും മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ ക്ലോപ് പറഞ്ഞിട്ടുണ്ട്. സുപ്രധാന താരങ്ങളുടെ പരിക്കുകളും തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതും തങ്ങൾക്ക് വിനയായി എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വിജയത്തിലൂടെ സെമിഫൈനൽ യോഗ്യത അർഹിച്ചിരുന്നുവെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഇനി താരങ്ങൾ ഇന്റർനാഷണൽ ഡ്യൂട്ടിക്ക് പോവുകയാണ്.ആരോഗ്യത്തോടുകൂടി അവർ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ലൂയിസ് ഡയസ്,ഡാർവിൻ നുനസ്,കോഡി ഗാക്പോ എന്നിവർക്ക് പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. മാത്രമല്ല നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ അവർക്ക് മത്സരങ്ങൾ കളിക്കേണ്ടി വരുന്നു. ഇത് തികച്ചും ഭ്രാന്തമാണ്.ഞങ്ങൾ ഈ സീസൺ സ്റ്റൈലിൽ തന്നെ അവസാനിപ്പിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. താരങ്ങൾ ഇന്ന് കളിക്കളത്തിൽ എല്ലാം നൽകിയിട്ടുണ്ട്.ഞങ്ങളുടെ ഇന്നത്തെ തീരുമാനങ്ങൾ മികച്ചതായിരുന്നില്ല.തീർച്ചയായും റിസൾട്ട് ഞങ്ങൾ അംഗീകരിക്കുന്നു. അടുത്ത റൗണ്ടിലേക്ക് പോകാനുള്ള അർഹത തീർച്ചയായും അവർക്കുണ്ട് “ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

FA കപ്പിന്റെ സെമിഫൈനൽ യോഗ്യത ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി കഴിഞ്ഞു. സെമി ഫൈനലിൽ അവരുടെ എതിരാളികൾ കോവെൻട്രിയാണ്. അതേസമയം മറ്റൊരു സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്നലെ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ചെൽസി യോഗ്യത കരസ്ഥമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *