ഡി ബ്രൂയിന മെസ്സിയുടെ വഴി പിന്തുടർന്നേക്കുമെന്ന് റൂമറുകൾ, എന്നാൽ പെപ് നിർദ്ദേശിച്ചത് മറ്റൊന്ന്!

2025 സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിനയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുക.ഈ കരാർ അദ്ദേഹം പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. താരത്തെ കുറിച്ച് നിരവധി റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഡി ബ്രൂയിന സ്വന്തമാക്കാൻ സൗദി അറേബ്യൻ ലീഗിന് വലിയ താല്പര്യമുണ്ട്. അവർ വരുന്ന സമ്മറിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായിക്കൊണ്ട് പരിഗണിക്കുന്നത് ഈ സൂപ്പർതാരത്തെയാണ്.

ഡി ബ്രൂയിനയുടെ കോൺട്രാക്ട് പുതുക്കാൻ സിറ്റി ഉദ്ദേശിക്കുന്നില്ലെങ്കിലോ അതല്ലെങ്കിൽ സിറ്റിയിൽ തുടരാൻ താരം ഉദ്ദേശിക്കുന്നില്ലങ്കിലോ വരുന്ന സമ്മറിൽ തന്നെ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്. എന്നാൽ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്ക് ഒരു കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സൗദി അറേബ്യയിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ താല്പര്യം താരത്തിന് എംഎൽഎസിലേക്ക് പോകുന്നതിനാണ്. മെസ്സിയുടെ പാത പിൻപറ്റാനാണ് ഡി ബ്രൂയിനക്ക് താല്പര്യമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയുടെ ആഗ്രഹം മറ്റൊന്നാണ്. അതായത് ഡി ബ്രൂയിന സിറ്റിയിൽ വച്ചുകൊണ്ടുതന്നെ തന്റെ കരിയർ അവസാനിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ളത് അദ്ദേഹത്തിന് മാത്രം അറിയുന്ന കാര്യമാണ്. പക്ഷേ ഡി ബ്രൂയിന ഇവിടെ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഞാൻ റൂമറുകൾ ഒക്കെ കേൾക്കുന്നുണ്ട്.പക്ഷേ ഓഫർ വന്നിട്ടുണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല. സൗദിക്ക് അദ്ദേഹത്തെ വേണമോ എന്നുള്ള കാര്യവും എനിക്കറിയില്ല. പക്ഷേ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പരിക്ക് കാരണം നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഡി ബ്രൂയിന.അദ്ദേഹത്തെ നഷ്ടപ്പെട്ട് കഴിഞ്ഞാൽ അത് വലിയൊരു വിടവ് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *