നാലും അഞ്ചും ഗോളൊക്കെയാണ് നേടുന്നത്, തടയാൻ പറ്റുമെന്ന് തോന്നുന്നില്ല: എതിരാളികളെ കുറിച്ച് പെപ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ കിരീട പോരാട്ടം മുറുകി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. 26 റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് തുടരുന്നത് ലിവർപൂളാണ്. 60 പോയിന്റാണ് അവർക്കുള്ളത്.രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 59 പോയിന്റാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 58 പോയിന്റും നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലക്ക് 52 പോയിന്റുമാണ് ഉള്ളത്. ആരായിരിക്കും ഇത്തവണത്തെ കിരീടം നേടുക എന്നുള്ളത് പ്രവചിക്കാൻ കഴിയാത്ത ഒരു കാര്യമാണ്.

മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആഴ്സണലുമാണ് കിരീടത്തിന് വേണ്ടി പ്രധാനമായും പോരടിക്കുന്നത്. തങ്ങളുടെ എതിരാളികളായ ലിവർപൂൾ,ആഴ്സണൽ എന്നിവരെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ആ രണ്ട് ടീമുകളെയും തടയുക എന്നുള്ളത് ഏറെക്കുറെ അസാധ്യമാണ് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. ആർക്കും തടയാനാവാത്ത രൂപത്തിലാണ് അവർ മുന്നേറുന്നതെന്നും പെപ് വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ എതിരാളികളായ ആഴ്സണലും ലിവർപൂളും, എന്തിനേറെ പറയുന്നു ആസ്റ്റൻ വില്ല പോലും മികച്ച രീതിയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങളിലും മൂന്നോ നാലോ അഞ്ചോ ഗോളുകളാണ് അവർ നേടുന്നത്.അതിനർത്ഥം അവരെ തടയുക എന്നുള്ളത് ഏറെക്കുറെ അസാധ്യമാണ് എന്നാണ് “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ഇപ്പോൾ പരിക്കിന്റെ പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ട്.എന്നിട്ട് പോലും അവർ വിജയകുതിപ്പ് തുടരുന്നു.കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ആഴ്സണൽ മാസ്മരിക പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നിന്ന് അവർ 18 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് ഒരല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.അവസാനത്തെ മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് സിറ്റിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *