മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി നിൽക്കുന്നത് എട്ട് താരങ്ങൾ !

അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതോടെ ടീം ഒന്ന് ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യാർ. ജെയിംസ് റോഡ്രിഗസ്, ജേഡൻ സാഞ്ചോ എന്നിവരെ പോലെയുള്ള മികവുറ്റ താരങ്ങളെ ക്ലബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ മുൻപേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സമീപകാലത്ത് യുണൈറ്റഡ് കാഴ്ച്ചവെച്ച മിന്നുന്ന ഫോം ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു. ഇതോടെ ടീം ഒന്ന് അഴിച്ചു പണിയാനുള്ള ഒരുക്കങ്ങളും സോൾഷ്യാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എട്ടോളം താരങ്ങളാണ് ഈ സമ്മർ ട്രാൻസ്ഫറിൽ യുണൈറ്റഡിൽ പുറത്തേക്ക് പോവുക എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ടീമിലുള്ള ചില താരങ്ങളും ലോണിൽ കളിക്കുന്ന താരങ്ങളുമാണ് ഈ സീസണോട് കൂടി യുണൈറ്റഡ് ജേഴ്സി അഴിച്ചു വെക്കേണ്ടി വരിക. എന്നാൽ സൂപ്പർ താരം അലക്സിസ് സാഞ്ചസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. താരത്തെ ഇന്റർമിലാനിൽ തന്നെ നിലനിർത്താൻ ക്ലബിന് ആഗ്രഹങ്ങൾ ഉണ്ടെങ്കിലും സാമ്പത്തികപരമായ തടസ്സങ്ങൾ കാരണം താരം യുണൈറ്റഡിൽ തന്നെ തിരിച്ചെത്തിയേക്കും. സമീപകാലത്ത് മിന്നുന്ന ഫോമിൽ കളിക്കുന്ന താരത്തെ യുണൈറ്റഡ് വിൽക്കുമോ അതോ നിലനിർത്തുമോ എന്നുള്ളത് തീരുമാനിച്ചിട്ടില്ല

എട്ട് താരങ്ങളിൽ ഒന്നാമൻ ക്രിസ് സ്മാളിങ് ആണ്. സെന്റർ ബാക്ക് ആയ താരം നിലവിൽ റോമയിൽ ലോണിൽ ആണ്. അവിടെ തന്നെ സ്ഥിരമാവാനാണ് സാധ്യത. അടുത്ത താരം ആൻഡ്രിയാസ് പെരേരയാണ്. ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ സ്ഥാനം തെറിച്ചത് പെരേരയുടേത് ആണ്. ഇതിനാൽ തന്നെ താരം ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്‌ വിടാനാണ് സാധ്യത. മറ്റൊരു താരം അർജന്റീനയുടെ മാർക്കോസ് റോഹോയാണ്. നിലവിൽ അർജന്റീനയിലെ ക്ലബിൽ ലോണിൽ കളിക്കുന്ന താരം സ്ഥിരമായി അവിടെ കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.

അടുത്ത താരം ഡിയോഗോ ഡാലോട്ട് ആണ്. സോൾഷ്യാറിന് കീഴിൽ അവസരങ്ങൾ ലഭിക്കാത്ത താരം മറ്റൊരു തട്ടകം തേടിയേക്കും. അടുത്ത താരം ഫിൽ ജോനെസ് ആണ്. ഏകദേശം ഒൻപത് വർഷത്തിന് ശേഷം ഈ ട്രാൻസ്ഫറിൽ താരം ഓൾഡ് ട്രാഫോർസ് വിട്ടേക്കും. സെന്റർ ബാക്ക് ആയ താരത്തിൽ സോൾഷ്യർ തൃപ്തനല്ല എന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു താരം അർജന്റൈൻ കീപ്പർ സെർജിയോ റോമെറോയാണ്. താരം ഭേദപ്പെട്ട ഫോമിൽ ആണെങ്കിലും ലോണിൽ പോയ യുണൈറ്റഡ് കീപ്പർ ഹെൻഡേഴ്‌സൺ തിരിച്ചെത്തുന്നതോട് കൂടി താരത്തിന്റെ സ്ഥാനവും തെറിച്ചേക്കും. അടുത്ത താരം ജെസ്സെ ലിംഗാർഡ് ആണ്. സാഞ്ചോ ടീമിൽ എത്തിയാൽ താരത്തിന് സ്ഥാനം ഒരു സ്വപ്നം മാത്രമാവും. ഈ സമ്മറിൽ ക്ലബ് വിട്ടേക്കും എട്ടാമത്തെ താരം ജെയിംസ് ഗാർണർ ആണ്. യുവതാരമായ ഇദ്ദേഹത്തെ ഒരുപക്ഷെ ലോണിൽ വിടാനും യുണൈറ്റഡ് ആലോചിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *