131 ന്റെ നിറവിൽ അർജന്റീന,ലോകത്ത് ഏറ്റവും കൂടുതൽ കിരീടങ്ങളുള്ള രാജ്യം!
സമീപകാലത്ത് ഫുട്ബോൾ ലോകത്തെ അർജന്റീന ദേശീയ ടീമിനോളം വിസ്മയിപ്പിച്ച മറ്റൊരു ടീം ഉണ്ടാവില്ല എന്നത് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. സംഭവബഹുലമാണ് ഇപ്പോഴത്തെ അർജന്റീനയുടെ കഥ. കിരീടം ഇല്ലാത്തതിന്റെ പേരിൽ വർഷങ്ങളോളം അവർ വേട്ടയാടപ്പെട്ടു. എന്തിനേറേ പറയുന്നു, ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ നിന്ന് പോലും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ പിന്നീട് മെസ്സി തിരിച്ചുവരികയായിരുന്നു.
കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ അർജന്റീനക്കുണ്ടായ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. 2021 ലെ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി അർജന്റീനയുടെ കിരീട ശാപത്തിന് അറുതിയായി. അതിനുശേഷം ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമ സ്വന്തമാക്കി. ഏറ്റവും ഒടുവിൽ ഖത്തർ വേൾഡ് കപ്പ് കിരീടവും സ്വന്തമാക്കിക്കൊണ്ട് ലയണൽ മെസ്സിയും സംഘവും സമ്പൂർണ്ണരാവുകയായിരുന്നു.
ഇന്ന് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അർജന്റീനയുടെ ദേശീയ ടീമാണ്.ഈ ചുരുങ്ങിയ കാലയളവുകൊണ്ട് ഇത്രയും വലിയ ഒരു വളർച്ച കൈവരിക്കാൻ അർജന്റീനക്ക് സാധിക്കുമെന്ന് അവരുടെ കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ ലയണൽ സ്കലോണിയും ലയണൽ മെസ്സിയുമൊക്കെ അവരെ ഈ രൂപത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു.ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിലവിൽ വന്നിട്ട് 131 വർഷങ്ങൾ പിന്നിടുകയാണ്. 131 വർഷത്തെ ചരിത്രം പറയാനുണ്ട് അർജന്റീനയുടെ ദേശീയ ടീമിന്.
La casa de los Campeones del Mundo celebra hoy sus 131 años de historia 😍
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) February 21, 2024
¡Felicidades @afa! 🏆🏆🏆 pic.twitter.com/cegyK7mcxT
ഇന്ന് ലോകത്തെ നമ്പർ വൺ ടീം അർജന്റീനയാണ്. 1893 ഫെബ്രുവരി 21ആം തീയതിയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിർമ്മിക്കപ്പെട്ടത്.എന്നാൽ ഫിഫയുടെ അംഗീകാരം 1912 ലാണ് അവർക്ക് ലഭിക്കുന്നത്. ഇന്ന് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള രാജ്യം അർജന്റീനയാണ്. 22 കിരീടങ്ങളാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.15 കോപ്പ അമേരിക്കയും 3 വേൾഡ് കപ്പ് കിരീടങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഫൈനലിസിമയും ഒരു ഫിഫ കോൺഫെഡറേഷൻ കപ്പും ഒരു പാൻ അമേരിക്കൻ ഗെയിംസ് കിരീടവും അവർ കരസ്ഥമാക്കിയിട്ടുണ്ട്.മാത്രമല്ല ഒട്ടേറെ ഇതിഹാസങ്ങളെ ഫുട്ബോൾ ലോകത്തിന് അവർ നൽകിയിട്ടുമുണ്ട്.മറഡോണ, മെസ്സി എന്നിവരെപ്പോലെയുള്ള ഇതിഹാസങ്ങൾ ഇനിയും അർജന്റീനയിൽ നിന്ന് പിറക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.