ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും ഗോളിലാറാടി,അൽ നസ്റിനോട് നാണംകെട്ട് ഇന്റർ മയാമി.

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ കഷ്ടകാലം തുടരുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനോട് ഒരു വമ്പൻ തോൽവിയാണ് അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്റർ മയാമിയെ അൽ നസ്ർ നാണം കെടുത്തി വിട്ടിട്ടുള്ളത്. ബ്രസീലിയൻ താരമായ ടാലിസ്ക്കയുടെ ഹാട്രിക്കാണ് ഈ മത്സരത്തിലെ സവിശേഷത.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്ക് മൂലം മത്സരത്തിൽ കളിച്ചിരുന്നില്ല. ലയണൽ മെസ്സിയും പരിക്ക് കാരണം മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.മത്സരത്തിന്റെ അവസാന സമയത്താണ് മെസ്സി സബ്സ്റ്റ്യൂട്ട് റോളിൽ വന്നത്. എന്നാൽ തുടക്കം തൊട്ടേ അൽ നസ്ർ ഗോളടി തുടങ്ങിയിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ഒട്ടാവിയോയാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. പിന്നീട് 10ആം മിനിട്ടിൽ ടാലിസ്ക്കയുടെ ഗോൾ പിറന്നു. അതിനുശേഷം രണ്ടു മിനിറ്റുകൾക്കകമാണ് ലപോർട്ടയുടെ കിടിലൻ ഗോൾ വന്നത്. സ്വന്തം ഹാഫിൽ നിന്നും അദ്ദേഹം എടുത്ത ഫ്രീകിക്ക് മയാമിയുടെ വലയിൽ പതിയുകയായിരുന്നു.

51ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ടാലിസ്ക്ക ഗോളാക്കി മാറ്റിയതോടെ നസ്റിന്റെ ലീഡ് നാലായി വർദ്ധിച്ചു. പിന്നീട് മുഹമ്മദ് മരാൻ ഗോൾ കണ്ടെത്തി. അതിനുശേഷം ടാലിസ്ക്ക ഹാട്രിക്ക് പൂർത്തിയാക്കിയതോടെ മയാമിയുടെ പതനം പൂർണമാവുകയായിരുന്നു.6 ഗോളുകൾക്ക് വിജയിച്ച ഈ മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യമാണ് അൽ നസ്ർ പുറത്തെടുത്തിട്ടുള്ളത്.

അതേസമയം തുടർച്ചയായ മൂന്നാം തോൽവിയാണ് ഇപ്പോൾ ഇന്റർ മയാമി വഴങ്ങിയിട്ടുള്ളത്. സൗദി ക്ലബ്ബുകളുടെയും അമേരിക്കൻ ക്ലബ്ബുകളുടെയും നിലവാരം തമ്മിലുള്ള അന്തരം ഈ റിസൾട്ടിൽ നിന്നും വ്യക്തമാകുന്നു എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *