യുണൈറ്റഡ് വിട്ട് സൗദിയിലേക്കോ? റൂമറുകളോട് പ്രതികരിച്ച് കാസമിറോ!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ നിന്നായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.എന്നാൽ കാര്യങ്ങൾ ഇപ്പോൾ അത്ര അനുകൂലമല്ല.യുണൈറ്റഡ് മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.പരിക്ക് കാരണം താരവും പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.റയൽ മാഡ്രിഡിൽ പുറത്തെടുത്തത് പോലെയുള്ള അസാധാരണമായ പ്രകടനങ്ങൾ യുണൈറ്റഡിൽ പുറത്തെടുക്കാൻ കാസമിറോക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാസമിറോ ക്ലബ്ബ് വിട്ടുകൊണ്ട് സൗദിയിലേക്ക് പോകും എന്ന റൂമറുകൾ ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ സന്തോഷവാനാണ് എന്നുള്ള കാര്യം കാസമിറോ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.ഈ റൂമറുകളെയെല്ലാം നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് നല്ല വരവേൽപ്പാണ് യുണൈറ്റഡ് താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ളത്.കളത്തിനകത്തും പുറത്തും ഒരുപാട് സ്നേഹം അവർ നൽകുന്നു.അത് അതുല്യമായ ഒരു അനുഭവമാണ്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്. ക്ലബ്ബിനെ സഹായിക്കണം,ഇമ്പ്രൂവ് ചെയ്യിക്കണം, ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ കരസ്ഥമാക്കണം. അതിനൊക്കെ വേണ്ടി പ്രവർത്തിക്കുന്നതിൽ ഞാൻ ഹാപ്പിയാണ് “ഇതാണ് ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

ഏതായാലും നിലവിൽ ക്ലബ്ബ് വിടാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.വരുന്ന സമ്മറിൽ അദ്ദേഹത്തിന്റെ മനസ്സ് മാറുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്. മറ്റൊരു താരമായ റാഫേൽ വരാനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. സൗദി അറേബ്യക്ക് അദ്ദേഹത്തെ കൊണ്ടുവരാനും താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *