16 വയസ്സ് മാത്രമുള്ള രണ്ട് പേർ കളത്തിൽ, ചരിത്രത്തിന്റെ ഭാഗമായി ചാവിയും ബാഴ്സയും!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് വമ്പൻമാരായ ബാഴ്സലോണ സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. സ്പാനിഷ് സൂപ്പർ താരം ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ബാഴ്സക്ക് ഈ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ ഫെലിക്സ് നേടിയപ്പോൾ റയൽ ബെറ്റിസിന്റെ രണ്ട് ഗോളുകളും ഇസ്‌ക്കോയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ചാവി ഇന്നലെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം കുബർസി ഇലവനിൽ ഉണ്ടായിരുന്നു എന്നുള്ളതാണ്. കേവലം 16 വയസ്സ് മാത്രമുള്ള ഈ താരം സെന്റർ ബാക്ക് പൊസിഷനിൽ 81 മിനിറ്റുകൾ കളിച്ചുകൊണ്ടാണ് കളം വിട്ടത്.ലാ മാസിയയിലൂടെ വളർന്ന് വന്ന പ്രതിഭയാണ് ഇദ്ദേഹം. ഇദ്ദേഹത്തിനൊപ്പം 16 വയസ്സുകാരനായ ലാമിനെ യമാലും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. അതായത് 16 വയസ്സ് മാത്രമുള്ള രണ്ടുപേർ ഇന്നലെ ഒരുമിച്ച് ബാഴ്സക്ക് വേണ്ടി സ്റ്റാർട്ട് ചെയ്യുകയായിരുന്നു.

ലാലിഗയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.1984/85 സീസണിൽ രണ്ട് 16 വയസ്സുള്ള താരങ്ങൾ ഒരുമിച്ച് ലീഗിൽ കളിച്ചിരുന്നു. അന്ന് സീനിയർ താരങ്ങളുടെ സമരം മൂലമായിരുന്നു 2 യുവ താരങ്ങൾക്ക് ഇറങ്ങേണ്ടി വന്നിരുന്നത്.മാത്രമല്ല ബാഴ്സ പരിശീലകനായ ചാവിയും ഇപ്പോൾ ഇതിലൂടെ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.17 വയസ്സിന് താഴെയുള്ള രണ്ട് താരങ്ങളെ സ്റ്റാർട്ട് ചെയ്യുന്ന ലാലിഗയിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ പരിശീലകൻ എന്ന റെക്കോർഡ് ചാവി സ്വന്തമാക്കിയിട്ടുണ്ട്.ഇന്നലെ യമാലിന്റെ പ്രായം 16 വർഷവും 192 ദിവസവും ആയിരുന്നു.കുബാർസിയുടെ പ്രായം 16 വർഷവും 364 ദിവസവുമായിരുന്നു.

ഇതേക്കുറിച്ച് ചാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഞങ്ങൾ ഇത്തരത്തിലുള്ള യുവതാരങ്ങളെ കൂടുതലായിട്ട് പരിഗണിക്കുന്നത് ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി കാരണം തന്നെയാണ്.കാരണം ഞങ്ങൾക്ക് താരങ്ങളെ സൈൻ ചെയ്യാൻ ഇപ്പോൾ കഴിയില്ല.ബാൾഡേ,ഗാവി,കുബാർസി,ലാമിനെ,കസാഡോ എന്നിവരൊക്കെ ഇപ്പോൾ ഞങ്ങളുടെ ഭാഗമാണ്. പക്ഷേ ഇവരൊക്കെ റെഡിയായിട്ടുണ്ട് “ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്. ഏതായാലും കൂടുതൽ യുവതാരങ്ങൾക്ക് ഇനിയും ബാഴ്സയിൽ അവസരം ലഭിക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *