മത്സരങ്ങളുടെ കാര്യത്തിൽ ഒപ്പം,കിരീടങ്ങളുടെ കാര്യത്തിൽ ബാഴ്സയെ തോൽപ്പിച്ചാൽ ഒപ്പമെത്താം,ആഞ്ചലോട്ടി-സിദാൻ കണക്കുകൾ ഇതാ!
സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.ഫൈനൽ മത്സരത്തിൽ എഫ്സി ബാഴ്സലോണയാണ് എതിരാളികൾ.ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സലോണ ഇപ്പോൾ വരുന്നത്.
അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയതോടുകൂടി റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി സിദാന്റെ ഒരു കണക്കിനൊപ്പം എത്തിയിട്ടുണ്ട്. അതായത് റയലിന്റെ ചരിത്രത്തിൽ ക്ലബ്ബിന് ഏറ്റവും കൂടുതൽ പരിശീലിപ്പിച്ച രണ്ടാമത്തെ പരിശീലകൻ സിദാൻ ആണ്. 263 മത്സരങ്ങളിലായിരുന്നു അദ്ദേഹം റയലിനെ പരിശീലിപ്പിച്ചിരുന്നത്. ആ കണക്കിനൊപ്പമാണ് ഇപ്പോൾ ആഞ്ചലോട്ടി എത്തിയിട്ടുള്ളത്. 263 മത്സരങ്ങൾ ഈ ഇറ്റാലിയൻ പരിശീലകൻ പൂർത്തിയാക്കി കഴിഞ്ഞു. സൂപ്പർ കപ്പിന്റെ ഫൈനലിൽ കളിക്കുന്നതോടുകൂടി സിദാനെ മറികടന്നുകൊണ്ട് ആഞ്ചലോട്ടി ഒറ്റക്ക് ഈ നേട്ടം കരസ്ഥമാക്കും.
263 – Coaches with most games managed in @realmadriden history in all competitions:
— OptaJose (@OptaJose) January 10, 2024
605 – Miguel Muñoz 🇪🇸
263 – Zinedine Zidane 🇫🇷
263 – CARLO ANCELOTTI 🇮🇹
Olympus.👑 pic.twitter.com/r7qGUvHMHZ
റയലിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിച്ച പരിശീലകൻ മിഗേൽ മുനോസാണ്.605 മത്സരങ്ങളിൽ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഈ റെക്കോർഡ് തകർക്കുക എന്നത് ഇപ്പോൾ അസാധ്യമായ ഒരു കാര്യമാണ്. അതേസമയം കിരീടങ്ങളുടെ കാര്യത്തിൽ നേരിയ മുൻതൂക്കം അവകാശപ്പെടാൻ സിദാന് സാധിക്കുന്നുണ്ട്. പതിനൊന്ന് കിരീടങ്ങളാണ് അദ്ദേഹം നേടി കൊടുത്തിട്ടുള്ളത്.ആഞ്ചലോട്ടി റയലിൽ 10 കിരീടങ്ങൾ നേടിയിട്ടുണ്ട്.ബാഴ്സലോണയെ തോൽപ്പിച്ച് സൂപ്പർ കപ്പ് സ്വന്തമാക്കിയാൽ ഇക്കാര്യത്തിലും സിദാനൊപ്പം എത്താൻ ആഞ്ചലോട്ടിക്ക് സാധിക്കും.
സിദാൻ 263 മത്സരങ്ങളിൽ പരിശീലിപ്പിച്ചപ്പോൾ 172 വിജയവും 55 സമനിലയും 36 പരാജയവുമാണ് ഫലം. അതേസമയം ആഞ്ചലോട്ടി 263 മത്സരങ്ങളിൽ പരിശീലിപ്പിച്ചപ്പോൾ 191 വിജയവും 34 സമനിലയും 38 തോൽവിയുമാണ് ഫലം. രണ്ടുപേരും 90 ക്ളീൻ ഷീറ്റുകൾ വീതമാണ് നേടിയിട്ടുള്ളത്. ഏറെക്കുറെ തുല്യമായ കണക്കുകളാണ് അവകാശപ്പെടാൻ ഉള്ളതെങ്കിലും വിജയം നേടുന്ന കാര്യത്തിൽ ആഞ്ചലോട്ടി തന്നെയാണ് മികച്ച് നിൽക്കുന്നത്.