റയലിനെ പോലെ പ്രഷർ ഉണ്ടാക്കുന്ന മറ്റൊരു ക്ലബ്ബില്ല:സ്പാനിഷ് റഫറിയിങ് ബോഡി ഹെഡ്!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഏറ്റവും ഒടുവിൽ സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ടിവിക്ക് ഇപ്പോൾ ഒരല്പം വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. അതായത് ഓരോ മത്സരത്തിനു ശേഷവും അതാത് മത്സരങ്ങളിലെ റഫറിംഗ് മിസ്റ്റേക്ക് റയൽ മാഡ്രിഡ് ടിവി വിലയിരുത്താറുണ്ട്. ഓരോ റഫറിമാരെയും കീറിമുറിച്ച് ഇവർ പരിശോധിക്കാറുണ്ട്.
ഇതിനെതിരെ സ്പെയിനിലെ റഫറിമാരുടെ സംഘടനയുടെ തലവനായ ലൂയിസ് മെഡിന രംഗത്ത് വന്നിട്ടുണ്ട്. റയൽ മാഡ്രിഡിനെ പോലെ റഫറിമാരിൽ സമ്മർദ്ദം ചെലുത്തുന്ന മറ്റൊരു ക്ലബ്ബ് ലോകത്തില്ല എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. തികച്ചും നെഗറ്റീവായ കാര്യമാണ് റയൽ മാഡ്രിഡ് അവരുടെ ചാനലിലൂടെ ചെയ്യുന്നതെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.മെഡിനയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Real Madrid beat rivals Atlético to advance to the Spanish Super Cup final on Cristiano Ronaldo's home turf 🤍 pic.twitter.com/JOU6ZqvokT
— B/R Football (@brfootball) January 10, 2024
” ലോകത്തെ മറ്റൊരു സ്പോർട്സിലും ഇതുപോലെ ഒരു ടീം ഉണ്ടാവില്ല. മറ്റാരും ചെയ്യാത്ത പ്രവർത്തികളാണ് റയൽ മാഡ്രിഡ് ചെയ്യുന്നത്.റഫറിമാരിൽ ഏറ്റവും കൂടുതൽ പ്രഷർ ചെലുത്തുന്നത് അവരാണ്.മാധ്യമങ്ങൾ അവരെ പിന്തുണക്കുകയും ചെയ്യുന്നു. അവരുടെ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അവർ ചെയ്യുന്ന കാര്യം തികച്ചും നെഗറ്റീവ് ആണ്.ഓരോ മത്സരത്തിനു മുൻപും ഓരോ ആഴ്ചയിലും ഇങ്ങനെ റഫറിമാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഞാൻ എന്റെ 40 വർഷത്തെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ല.ഇത് സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടം തട്ടിക്കുന്ന ഒന്നാണ്. നിയമപരമായ വഴികൾ ഞങ്ങൾ ഇതേക്കുറിച്ച് അന്വേഷിക്കും ” ഇതാണ് റഫറീസ് ടെക്നിക്കൽ കമ്മിറ്റി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ലാലിഗയിൽ പലപ്പോഴും പ്രതിഷേധങ്ങൾ ഉയരാറുണ്ട്.VAR സമ്പ്രദായം ഉണ്ടായിട്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇതിന് സമാനമായ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ലോകത്ത് എല്ലായിടത്തും റഫറിയിങ് മിസ്റ്റേക്കുകൾ എന്നും ഒരു ചർച്ചാവിഷയമാണ്.