അപവാദം പ്രചരിപ്പിച്ചു, ഇൻഫ്ലുവൻസർക്കെതിരെ മാനനഷ്ടക്കേസ് നൽകി നെയ്മർ.

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ നിലവിൽ റിക്കവറി പ്രോസസ്സിലാണുള്ളത്. പരിക്ക് കാരണം അദ്ദേഹത്തിന് ഈ സീസണിൽ ഇനി കളിക്കാനാവില്ല. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരുന്നു. എന്നാൽ അടുത്ത ഓഗസ്റ്റ് മാസം വരെ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിക്കില്ല എന്നാണ് ബ്രസീലിന്റെ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞിരുന്നത്.വരുന്ന കോപ്പ അമേരിക്കയും നെയ്മർക്ക് നഷ്ടമാകും.

ഇപ്പോഴിതാ നെയ്മറുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ ഫ്രഞ്ച് മാധ്യമമായ Rmc സ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഒരു വനിത ഇൻഫ്ലുവൻസർക്കെതിരെ നെയ്മർ ജൂനിയർ ഒരു മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. 35 കാരിയായ സോഫിയ ബാർക്ലെക്കെതിരെയാണ് നെയ്മർ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുള്ളത്.ഒരു ഇംഗ്ലീഷ് ഇൻഫ്ലുവൻസറാണ് ഇവർ.

2021 ഡിസംബറിൽ നെയ്മർ ജൂനിയറുമായി വളരെ ആഴത്തിലുള്ള ബന്ധം തനിക്കുണ്ടായിരുന്നു എന്നാണ് ഇവർ ആരോപിച്ചിരുന്നത്. മൂന്ന് അഭിമുഖങ്ങളിൽ ഇവർ ഇത് തുറന്ന് പറയുകയും ചെയ്തു. പിന്നീട് നെയ്മർ ജൂനിയർ ഇത് രഹസ്യമാക്കി വെക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തീർത്തും വ്യാജമാണെന്നും ഈ ഇൻഫ്ലുവൻസറുടെ ആരോപണങ്ങൾ തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് നെയ്മർ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുള്ളത്. 18000 യൂറോ നഷ്ടപരിഹാരമായി കൊണ്ട് നെയ്മർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ പരസ്യപ്രസ്താവന നടത്തിയ കാര്യത്തിൽ പിന്നീട് സോഫിയ മാപ്പ് പറഞ്ഞിരുന്നു. നെയ്മർ ആരാധകരുടെ വധഭീഷണികൾ വരെ തനിക്ക് ലഭിച്ചുവന്ന് ഇവർ ആരോപിക്കുകയും ചെയ്തിരുന്നു.ഏതായാലും ഈ കേസിൽ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വിധി ആർക്കാണ് അനുകൂലമാവുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഇത്തരത്തിലുള്ള ഒരുപാട് ആരോപണങ്ങൾ നെയ്മർക്ക് നേരത്തെ നേരിടേണ്ടി വന്നിരുന്നു. എന്നാൽ വ്യാജ ആരോപണങ്ങൾക്കെതിരെ യൊക്കെ നെയ്മർ നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *