കാലിയായ ട്രോഫി റൂം ഉള്ളവർ: മുൻ ക്ലബ്ബിനെ പരിഹസിച്ച് മൊറിഞ്ഞോ!
പോർച്ചുഗീസ് പരിശീലകനായ മൊറിഞ്ഞോ 2019 മുതൽ 2021 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിനെ പരിശീലിപ്പിച്ചിരുന്നു. 17 മാസക്കാലമായിരുന്നു അദ്ദേഹം സ്പർസിനെ പരിശീലിപ്പിച്ചത്.എന്നാൽ കരബാവോ കപ്പിന്റെ ഫൈനലിന് തൊട്ടുമുന്നേ അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു. അതിനുശേഷം നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു കൊണ്ട് കിരീടം നേടി.ടോട്ടൻഹാമിന്റെ കിരീടവരൾച്ച ഇപ്പോഴും തുടരുകയാണ്.
ഫൈനലിന് മുൻപേ തന്നെ പുറത്താക്കിയ കാര്യത്തിൽ ടോട്ടൻഹാമിനോട് മൊറിഞ്ഞോക്ക് കടുത്ത എതിർപ്പ് ഇപ്പോഴുമുണ്ട്. അതിന്റെ പേരിൽ അദ്ദേഹം സ്പർസിനെ പരിഹസിച്ചിട്ടുണ്ട്. കാലിയായ ട്രോഫി റൂം ഉള്ളവർ എന്നാണ് ടോട്ടൻഹാമിനെ മൊറിഞ്ഞോ പരാമർശിച്ചിട്ടുള്ളത്. തന്നെ അന്ന് പുറത്താക്കിയതിലുള്ള അതൃപ്തി അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
The way Jose Mourinho describes Tottenham 😭 pic.twitter.com/jpeUoue32w
— GOAL (@goal) December 18, 2023
” കാലിയായ ട്രോഫി റൂം ഉള്ളവരാണ് അവർ. അവർ ചെയ്ത ഏറ്റവും പരിഹാസ്യമായ കാര്യം എന്തെന്നാൽ ഫൈനലിന് രണ്ട് ദിവസം മുന്നേ അവർ എന്നെ പുറത്താക്കി എന്നതാണ്. കഴിഞ്ഞ 50 വർഷമായി ഒരു കിരീടം പോലും ഇല്ലാത്തവരാണ് ടോട്ടൻഹാം.എപ്പോഴാണ് അവർ അവസാനമായി കിരീടം നേടിയതെന്ന് എനിക്കറിയില്ല. എന്നിട്ടാണ് ഒരു ഫൈനലിനു മുന്നേ എന്നെ അവർ പുറത്താക്കിയത്. അതെ എനിക്ക് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.എനിക്ക് വെമ്പ്ളിയിൽ നല്ല കണക്കുകൾ അവകാശപ്പെടാൻ ഉണ്ട്.ആ ഫൈനലിനു വേണ്ടി എനിക്ക് പദ്ധതികളും ഉണ്ടായിരുന്നു. അതിന് മുൻപേ മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് ഗോളുകൾക്ക് ഞങ്ങളുടെ മൈതാനത്ത് വച്ച് തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. അതൊക്കെ പോസിറ്റീവായ കാര്യങ്ങളായിരുന്നു ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
സ്പർസിൽ ആകെ 86 മത്സരങ്ങളാണ് ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ 44 മത്സരങ്ങൾ വിജയിച്ചപ്പോൾ 23 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. യൂറോപ്പിലെ പല ക്ലബ്ബുകൾക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് മൊറിഞ്ഞോ.നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ് അദ്ദേഹം.