അൻസു ഫാറ്റിക്ക് വമ്പൻ തുക റിലീസ് ക്ലോസായി നിശ്ചയിച്ച് ബാഴ്സലോണ !

ഈ സീസണിൽ ബാഴ്സക്ക് ഏറെ ആശ്വാസം പകരുന്ന പ്രകടനമായിരുന്നു യുവതാരം അൻസു ഫാറ്റിയുടേത്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിയിൽ റെക്കോർഡിട്ട താരം ബാഴ്സയുടെ മോശം സീസണിലും ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി മുപ്പത്തിരണ്ട് മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിരുന്നു. താരത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടരായി മാഞ്ചെസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ടീമുകൾ രംഗത്ത് വന്നിരുന്നു. എന്നാൽ താരത്തെ വിട്ടുനൽകാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ ബാഴ്സലോണ താരത്തിന്റെ കരാർ പുതുക്കാനും റിലീസ് ക്ലോസ് ഉയർത്താനുമുള്ള ശ്രമത്തിലാണ്. നിലവിൽ 170 മില്യൺ യുറോ റിലീസ് ക്ലോസ് ഉള്ള താരത്തിന്റേത് 300 മില്യൺ യുറോ ആക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

2019 ഡിസംബറിലായിരുന്നു ഫാറ്റി അവസാനമായി കരാർ പുതുക്കിയത്. അന്നാണ് 170 മില്യൺ യുറോ റിലീസ് ക്ലോസ് വെച്ചത്. എന്നാൽ കൂടുതൽ ക്ലബുകൾ രംഗത്ത് വന്നതോടെ താരം കൈവിട്ടു പോവാതിരിക്കാൻ റിലീസ് ക്ലോസ് വർധിപ്പിക്കാൻ ബാഴ്സ ആലോചിക്കുകയായിരുന്നു. കരാർ പുതുക്കുന്നതോടൊപ്പം പതിനേഴുകാരന്റെ സാലറിയും വർധിപ്പിച്ചേക്കും. എന്നാൽ നിലവിൽ ബാഴ്സ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയാണ് കരാർ പുതുക്കാൻ വൈകാൻ കാരണം. അതേസമയം കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഫാറ്റി ബാഴ്സയോട് ആവിശ്യപ്പെട്ടേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. താരത്തിന്റെ ഏജന്റ് ആയ ജോർജെ മെൻഡസിനെ കുറച്ചു മുൻപ് ബൊറൂസിയ ഡോർട്മുണ്ട് അധികൃതർ ബന്ധപ്പെട്ടിരുന്നു. താരത്തെ ലോണിലോ അല്ലാതെയോ ക്ലബിൽ എത്തിക്കാനുള്ള വഴികളായിരുന്നു ഡോർട്മുണ്ട് അന്വേഷിച്ചത്. എന്നാൽ താരം ബാഴ്സയിൽ തന്നെ തുടരാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *