വേൾഡ് ചാമ്പ്യന്മാരാണെന്ന് കരുതി അജയ്യരാണെന്ന് കരുതരുത് : തുറന്ന് പറഞ്ഞ് സ്കലോണി!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് നേരിടേണ്ടിവന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉറുഗ്വ അർജന്റീനയെ പരാജയപ്പെടുത്തിയത്. അതും സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീനക്ക് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. വേൾഡ് കപ്പിൽ സൗദിയോട് പരാജയപ്പെട്ടതിനുശേഷം ഇതാദ്യമായാണ് അർജന്റീന പരാജയം രുചിക്കുന്നത്.

ഈ പരാജയത്തെക്കുറിച്ച് പരിശീലകനായ ലയണൽ സ്കലോണി ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പ് നേടി എന്ന് കരുതി അർജന്റീന അജയ്യരാണെന്ന് കരുതരുത് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അർജന്റീന ഒരിക്കലും പരാജയപ്പെടില്ല എന്ന് തോന്നൽ പാടില്ല എന്നാണ് സ്‌കലോണി വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഉറുഗ്വ അർഹിച്ച ഒരു വിജയമാണ് നേടിയിട്ടുള്ളത്.മത്സരത്തിൽ ഞങ്ങൾ ഒരിക്കലും കംഫർട്ടബിൾ ആയിരുന്നില്ല.അതുകൊണ്ടുതന്നെ എതിരാളികളെ ഞങ്ങൾ അഭിനന്ദിക്കുന്നു. വേൾഡ് ചാമ്പ്യന്മാരാണ് എന്ന് കരുതി നമ്മൾ ഒരിക്കലും പരാജയപ്പെടില്ല എന്ന് അർജന്റീന കരുതരുത്.നമ്മൾ അജയരല്ല. ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ഇക്കാര്യം,ഇനിയും പറയുക തന്നെ ചെയ്യും.ഈ അവസരത്തിലും താരങ്ങൾക്ക് പിന്തുണയാണ് വേണ്ടത്.എപ്പോഴും അത് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ വർഷം ഒരു ഗോൾ പോലും വഴങ്ങാത്ത അർജന്റീനക്ക് ഈ മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങേണ്ടി വരികയായിരുന്നു. ഇനി ബ്രസീലിനെതിരെയാണ് അടുത്ത മത്സരം അർജന്റീന കളിക്കുക.എന്നാൽ അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് ബ്രസീൽ വരുന്നത്.മാരക്കാനയിൽ വെച്ചു കൊണ്ടാണ് ഈയൊരു പോരാട്ടം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *