വ്യക്തിപരമായ കാരണങ്ങൾ,സൂപ്പർ താരം പോർച്ചുഗീസ് ക്യാമ്പ് വിട്ടു!

യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗൽ ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 യുറോ യോഗ്യത മത്സരങ്ങളാണ് കളിക്കുന്നത്. നവംബർ പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ലിച്ചൻസ്റ്റെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ. പിന്നീട് നവംബർ ഇരുപതാം തീയതി നടക്കുന്ന മത്സരത്തിൽ ഐസ്ലാൻഡിനെ പോർച്ചുഗൽ നേരിടും. ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിനെ നേരത്തെ തന്നെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻഡറായ ഡിയോഗോ ഡാലോട്ട് ഈ ടീമിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം പോർച്ചുഗീസ് ക്യാമ്പ് വിട്ടിട്ടുണ്ട്. പരിശീലകൻ റോബെർട്ടോ മാർട്ടിനസിനോട് ചർച്ച ചെയ്തതിനുശേഷമാണ് പോർച്ചുഗൽ ടീം വിട്ടിട്ടുള്ളത്.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടിട്ടുള്ളത്.പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഈ വ്യക്തിപരമായ കാരണം എന്താണ് എന്നത് കൃത്യമായി വ്യക്തമല്ല.പക്ഷേ അദ്ദേഹത്തിന് കുഞ്ഞ് പിറക്കാൻ പോകുന്നു എന്നത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ടീം വിട്ടുകൊണ്ട് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ മടങ്ങിയത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിന്റെ സ്ഥിര സാന്നിധ്യങ്ങളിൽ ഒന്നാണ് ഡാലോട്ട്.റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം ദേശീയ ടീമിന് വേണ്ടി 16 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്. അതിൽ 12 മത്സരങ്ങളും കഴിഞ്ഞ ഒരു വർഷത്തിനിടയാണ് കളിച്ചിട്ടുള്ളത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡാലോട്ട് ഉണ്ടായിരുന്നു.ആ അഞ്ചുമത്സരങ്ങളിലും പോർച്ചുഗൽ ദേശീയ ടീം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

വരുന്ന യൂറോ കപ്പിന് യോഗ്യത ഉറപ്പാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. എട്ടുമത്സരങ്ങളിൽ എട്ടിലും വിജയിച്ച അവർ 32 പോയിന്റ് നേടിക്കൊണ്ട് യോഗ്യത കരസ്ഥമാക്കുകയായിരുന്നു.ഈ മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ അടിച്ചുകൂട്ടിയ പോർച്ചുഗൽ കേവലം രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. വരുന്ന രണ്ടു മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് സമ്പൂർണ്ണരായി കൊണ്ട് മുന്നേറുക എന്നതാവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *