അവർ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു: മാധ്യമങ്ങളെ പഴിചാരി സാവി.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവർ അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അലാവസ് ഗോൾ നേടിയിരുന്നു. പക്ഷേ റോബർട്ട് ലെവന്റോസ്ക്കിയുടെ ഇരട്ട ഗോളുകൾ ബാഴ്സലോണക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

അതിന് മുൻപ് കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പക്ഷേ ടീമിന്റെ ഈ ഒരു മോശം പ്രകടനത്തിന് ബാഴ്സയുടെ പരിശീലകനായ സാവി പഴിചാരിയിരിക്കുന്നത് മാധ്യമങ്ങളെയാണ്. മാധ്യമങ്ങൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നുവെന്നും അത് ബാഴ്സയെ ദോഷകരമായി ബാധിക്കുന്നു എന്നുമാണ് സാവി ആരോപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാധ്യമങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഞങ്ങളുടെ ടീമിനെ ബാധിക്കുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. ഞാനൊരു താരമായിരുന്ന സമയത്തും എനിക്ക് ഇത് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു പരിശീലകൻ എന്ന നിലയിലും എനിക്കിത് കാണാൻ സാധിക്കുന്നു. ടീമിന് ചുറ്റും ഒരു വലിയ നെഗറ്റിവിറ്റി തന്നെ ഇപ്പോൾ ഉണ്ട്. അതെ ഞങ്ങളെ ദോഷകരമായി ബാധിക്കുന്നു. അത് സൃഷ്ടിച്ചത് മാധ്യമങ്ങളാണ് ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എൽ ക്ലാസ്സിക്കോ മത്സരത്തിൽ റയലിനോട് ബാഴ്സ പരാജയപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷാക്തർ ഡോണസ്ക്കിനോട് ബാഴ്സലോണ പരാജയപ്പെട്ടിരുന്നത്.നിലവിൽ ലാലിഗ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. ഇനി അടുത്ത മത്സരത്തിൽ റയോ വല്ലക്കാനോയാണ് ബാഴ്സയുടെ എതിരാളികൾ.ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *