ഞങ്ങൾ മാറാനൊന്നും പോകുന്നില്ല: മോശം കണക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ എൻറിക്കെ പറഞ്ഞത്!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.റെയിംസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.റെയിംസിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

എവേ മത്സരങ്ങളിലെ കണക്കുകൾ പിഎസ്ജിക്ക് ഒട്ടും ശുഭകരമല്ല. ചാമ്പ്യൻസ് ലീഗിൽ അവസാനമായി കളിച്ച പത്ത് എവേ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. ഈ സീസണിൽ ന്യൂകാസിലിനോടും Ac മിലാനോടും പിഎസ്ജി പരാജയപ്പെട്ടിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പരിശീലകനായ എൻറിക്കെ വളരെ ക്ഷുഭിതനായി കൊണ്ടാണ് സംസാരിച്ചിട്ടുള്ളത്.ഞങ്ങൾ മാറാനൊന്നും പോകുന്നില്ല എന്നാണ് ഈ കോച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എവേ മത്സരങ്ങളിൽ ഞങ്ങൾ മോശമായി കളിക്കുന്നു എന്നതിനോട് ഞാൻ ഒരിക്കലും യോജിക്കില്ല.ഞങ്ങൾ ഒരിക്കലും മാറിമറിയാത്ത ടീമാണ്.ഹോമിലാണെങ്കിലും എവേ മത്സരത്തിലാണെങ്കിലും ഞങ്ങൾ ഒരുപോലെയാണ് കളിക്കാറുള്ളത്. ആരാണ് എതിരാളി എന്നത് ഞങ്ങൾ കാര്യമാക്കാറില്ല.അറ്റാക്ക് ചെയ്തുകൊണ്ടാണ് കളിക്കാറുള്ളത്.ഒരുപക്ഷേ അതായിരിക്കില്ല ഏറ്റവും മികച്ച കാര്യം. പക്ഷേ എന്റെ രീതി അങ്ങനെയാണ്. ഞങ്ങൾ മാറാനൊന്നും പോകുന്നില്ല. ഞാൻ ഇത് മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. തീർച്ചയായും സ്വന്തം ആരാധകരുടെ മുന്നിൽവച്ച് കളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.പക്ഷെ ഹോം ആണെങ്കിലും എവേ ആണെങ്കിലും കളിക്കളത്തിന്റെ വലിപ്പം ഒന്നുതന്നെയല്ലേ? ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.അതേസമയം ചാമ്പ്യൻസ് ലീഗിൽ രണ്ട് തോൽവികൾ വഴങ്ങിയത് അവരുടെ സാധ്യതകളെ താളം തെറ്റിച്ചിട്ടുണ്ട്.ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ അവർക്ക് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. കാരണം Ac മിലാൻ അവർക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് തൊട്ടു പുറകിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *