അതിനുശേഷം ഞാൻ മികച്ച ഗോൾ കീപ്പറായി മാറി :എമി മാർട്ടിനസ് പറയുന്നു

സമീപകാലത്ത് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരമാണ് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. കോപ്പ അമേരിക്ക കിരീട ധാരണത്തിലും വേൾഡ് കപ്പ് കിരീടത്തിലും വലിയ പങ്കുവഹിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കോപ്പ അമേരിക്കയിലെയും വേൾഡ് കപ്പിലെയും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നാലെ ഫിഫ ബെസ്റ്റ് അവാർഡും യാഷിൻ ട്രോഫിയും എമി മാർട്ടിനസ് സ്വന്തമാക്കി.

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചത് യഥാർത്ഥത്തിൽ എമിയായിരുന്നു എന്ന് പറയേണ്ടിവരും. അദ്ദേഹത്തിന്റെ പെനാൽറ്റിയിലെ മികവാണ് അർജന്റീനക്ക് ലോക കിരീടം നേടിക്കൊടുത്തത്. ആ മത്സരത്തിനുശേഷം താനൊരു മികച്ച ഗോൾ കീപ്പറായി മാറി എന്ന് എമി മാർട്ടിനസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫ്രാൻസിനെതിരെയുള്ള ആദ്യത്തെ 75 മിനിറ്റുകൾ,ഞങ്ങളുടെ ടീം കളിച്ച ഏറ്റവും മികച്ച മത്സരം അതായിരുന്നു. പക്ഷേ അതിനുശേഷം 10 മിനിട്ടിനുള്ളിൽ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞു.അത് ഫുട്ബോളിന്റെ മനോഹാരിതയാണ്.പക്ഷേ ആ മത്സരം എന്നെ മികച്ച ഒരു ഗോൾ കീപ്പറാക്കി മാറ്റി.അതിനുശേഷം ഞാൻ മെച്ചപ്പെട്ടു. വിജയിക്കാൻ വേണ്ടി ബുദ്ധിമുട്ടുകൾ അനുഭവിക്കുക എന്നത് എന്റെ ജീവിതകഥയാണ് ” ഇതാണ് അർജന്റൈൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എടേഴ്സണെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു എമിലിയാനോ മാർട്ടിനസ് യാഷിൻ ട്രോഫി സ്വന്തമാക്കിയത്. 290 വോട്ടുകളായിരുന്നു എമിക്ക് ലഭിച്ചിരുന്നത്. 197 വോട്ടുകൾ നേടി കൊണ്ടാണ് എഡെഴ്സൺ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *