എമി മാർട്ടിനസിന് പിഴച്ചു, ലീഗിലെ ദുർബലരോട് തോൽവി ഏറ്റുവാങ്ങി വില്ല.

ദിവസങ്ങൾക്ക് മുന്നേയായിരുന്നു അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണെ പിന്തള്ളി കൊണ്ടായിരുന്നു എമി ഈ പുരസ്കാരം സ്വന്തമാക്കിയത്. 290 പോയിന്റുകൾ ആയിരുന്നു എമിക്ക് ലഭിച്ചിരുന്നത്. രണ്ടാം സ്ഥാനത്തുള്ള എഡേഴ്സണ് 197 പോയിന്റുകൾ ലഭിച്ചു. വലിയൊരു മാർജിനിൽ തന്നെയാണ് എമി ഈ പുരസ്കാരം നേടിയിട്ടുള്ളത്.

എന്നാൽ ഈ അവാർഡ് ജേതാവായതിനുശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ എമിക്ക് കളിക്കളത്തിൽ അബദ്ധങ്ങൾ പിണങ്ങിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നോട്ടിങ്ഹാം ഫോറസ്റ്റ് ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്. അവസാനത്തെ ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാത്ത, പൊതുവേ ദുർബലരായ നോട്ടിങ്ഹാം ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തുകയായിരുന്നു.

അതിന് കാരണം എമിയുടെ പിഴവുകളാണെന്ന് പറയേണ്ടിവരും. രണ്ട് ലോങ് റേഞ്ച് ഷോട്ടുകളിൽ നിന്ന് എമി ഗോൾ വഴങ്ങുകയായിരുന്നു. ഇതിൽ തന്നെ രണ്ടാമത്തെ ഗോൾ അദ്ദേഹത്തിന്റെ പിഴവായിരുന്നു. അദ്ദേഹം സേവ് ചെയ്തെങ്കിലും താരത്തിന്റെ കൈകളിൽ തട്ടി അത് ഗോൾവലയിലേക്ക് കയറുകയായിരുന്നു.എമിയെ പോലെയൊരു ഗോൾകീപ്പർക്ക് തടഞ്ഞിടാൻ സാധിക്കുമായിരുന്ന ഒരു ഷോട്ട് തന്നെയായിരുന്നു അത്. ആസ്റ്റൻ വില്ലക്ക് വേണ്ടി 120 മത്സരങ്ങൾ ഗോൾകീപ്പർ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് രണ്ടാം തവണ മാത്രമാണ് ഇപ്പോൾ രണ്ടോ അതിലധികമോ ഗോളുകൾ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടുകളിൽ നിന്ന് എമി വഴങ്ങുന്നത്.

ഇതിന് മുൻപ് സംഭവിച്ചത് 2020ലായിരുന്നു. അപൂർവമായി മാത്രമാണ് എമിക്ക് പിഴക്കാറുള്ളത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.4.6 റേറ്റിംഗ് മാത്രമാണ് ഇന്നലത്തെ മത്സരത്തിൽ ഈ ഗോൾകീപ്പർക്ക് ലഭിച്ചിട്ടുള്ളത്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ഉറുഗ്വയേയും ബ്രസീലിനെയും നേരിടുന്നുണ്ട്.ആ മത്സരങ്ങളിൽ പിഴവുകൾ ഉണ്ടാവാതിരുന്നാൽ മതി എന്നത് മാത്രമാണ് അർജന്റീന ആരാധകരുടെ പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *